കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്. രാജ്യത്തെ ഏക ഇടതുഭരണം മാതൃകയെന്ന് പിണറായി സർക്കാരിനെ പ്രശംശിച്ച് പ്രകാശ് കാരാട്ട് പറഞ്ഞു. യെച്ചൂരിയുടെയും കോടിയേരിയുടെയും വിയോഗം നികത്താനാകാത്ത നഷ്ടമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഇക്കാര്യങ്ങൾ പറഞ്ഞത്. രാഷ്ട്രീയ അടവുനയ രൂപീകരണവും രാഷ്ട്രീയ വിലയിരുത്തൽ റിപ്പോർട്ടും നിർണായകമാണെന്നും പ്രകാശ് കാരാട്ട് അറിയിച്ചു.
അതേസമയം സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്.
ഇതിന് മുൻപ് രണ്ടു പ്രാവശ്യമാണ് കൊല്ലം സംസ്‌ഥാന സമ്മേളനത്തിന് വേദിയായത്. മുപ്പതു വർഷത്തിനുശേഷം കൊല്ലം ആതിഥ്യമരുളുന്ന സംസ്ഥാന സമ്മേളനം ഏറെ നിർണായകമാണ്. തുടർഭരണത്തിന് തുടർച്ച ലക്ഷ്യമിടുന്ന നയങ്ങളും ചിന്തകളും ഉണ്ടാകുന്ന സമ്മേളനം കൂടിയാണ്. പ്രവർത്തന റിപ്പോർട്ടിന് പുറമേ നവ കേരളത്തിനുള്ള പുതുവഴികൾ എന്ന വികസനരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.