കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ല; ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ രഹസ്യ മൊഴി നല്‍കിയ നടിക്ക് കോടതി നോട്ടീസ് നല്‍കി

ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ രഹസ്യ മൊഴി നല്‍കിയ നടിക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് സുപ്രീംകോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 29ന് ഹാജരാകാനാണ് നോട്ടീസ്. . ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് നോട്ടീസ് അയച്ചത്. 29ന് ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

Read more

അതേസമയം നോട്ടീസിന്റെ പകര്‍പ്പ് നടിയുടെ അഭിഭാഷകന്‍ തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന് കൈമാറി. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അത് കണക്കിലെടുക്കാതെയാണ് ചലച്ചിത്രതാരത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടിയെടുത്തിരിക്കുന്നതെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.