മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍. യുഡിഎഫിലും ലീഗിലും ആശയക്കുഴപ്പമൊന്നുമില്ല. കുപ്പായം മാറുന്നത് പോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടായിക്കോട്ടെ എന്നു കരുതിയാകും ഇ പി ജയരാജന്‍ ഇത്തരമൊരും പ്രസ്താവനയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇടതു മുന്നണിയിലാണ് ആശയക്കുഴപ്പം. ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് സിപിഎമ്മെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎം അടക്കമുള്ള മറ്റു മതേതര കക്ഷികള്‍ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ എങ്ങനെ യോജിക്കണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസില്ലാതെ നടക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ന്യൂനപക്ഷത്തിന്റെ വോട്ടുകിട്ടണം. അതിനായി രണ്ട് ഉശിരുള്ള വര്‍ത്തമാനം പറയുക. വാക്കിലൂടെ മധുരം പുരട്ടുകയെന്നത് അവരെന്നും സ്വീകരിച്ചിട്ടുള്ള പൊളിറ്റിക്സാണ്. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സിപിഎം എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Read more
ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കി അതിനെ മറ്റൊരു രീതിയില്‍ ഉപയോഗിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ലീഗ് സിപിഎമ്മുമായി സഹകരിക്കുകയോ ഇടതു മുന്നണിയിലേക്ക് പോകുകയോ ചെയ്യില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നേതാക്കളുടെ പ്രതികരണം.