എംജി സർവ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാരസമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ ദീപ. പി.മോഹനൻ എന്ന വിദ്യാർത്ഥിനി നേരിടുന്ന കടുത്ത ജാതിവിവേചനം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ ദീപ. പി.മോഹനൻ എന്ന വിദ്യാർത്ഥിനി നേരിടുന്ന കടുത്ത ജാതിവിവേചനം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത സംഭവങ്ങളാണ് ദീപയുടെ പഠന കാലഘട്ടത്തിലുടനീളം ഉണ്ടായിരിക്കുന്നത്. പിഎച്ച് ഡി യ്ക്ക് ഇരിപ്പിടം അനുവദിക്കാത്തതടക്കം കൊടിയ പീഡനങ്ങളാണ് ആ കുട്ടിയ്ക്ക് നേരിടേണ്ടി വന്നത്. സ്വന്തം പാർട്ടിയുടെ ദളിത് പ്രേമം വെള്ളിത്തിരയിൽ കണ്ട് കൈയ്യടിക്കുന്ന മന്ത്രിമാരും CPM സഹയാത്രികരും ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കും.
1962 ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് ചുമതലയേൽക്കുമ്പോൾ, അതേ വർഷം കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റായി തിരഞ്ഞെടുത്തത് ആന്ധ്രാപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവും ദളിത് സാമൂഹിക പ്രവർത്തകനുമായ ദാമോദരം സഞ്ജീവയ്യയെ ആയിരുന്നു. 1964 ൽ നിലവിൽ വന്ന സിപിഎമ്മിന്റെ ചരിത്രത്തിലിന്നുവരെ പോളിറ്റ്ബ്യുറോയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ലാത്തത് ആ പാർട്ടി പുലർത്തുന്ന ദളിത് വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണം ആണ്.
കോൺഗ്രസ് നേതാവ് ആയ എം എ കുട്ടപ്പനെ ഹരിജൻ കുട്ടപ്പൻ എന്ന് ഇ.കെ നായനാർ ജാത്യാധിക്ഷേപം നടത്തിയിരുന്നു. പിണറായി സർക്കാരിന്റെ കാലത്ത് പോലും അതിക്രൂരമായ ദളിത് പീഡനങ്ങളാണ് അരങ്ങേറിയത്. വടയമ്പാടിയിൽ സാമൂഹിക ഭ്രഷ്ടിനെതിരെ സമരം ചെയ്ത ദളിത് സമൂഹത്തെ തല്ലിച്ചതച്ച കാഴ്ച കേരളം മറന്നിട്ടില്ല. ആദിവാസിയായ മധുവിനെ ആൾക്കൂട്ടം വിചാരണ നടത്തി കൊന്ന കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കാൻ ഖജനാവിൽ പണമില്ലെന്ന് നിലപാടെടുത്ത സർക്കാരാണ് ഇവിടെയുള്ളത്. അതേ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറി ആയി നിയമിച്ചതും പിന്നീട് എതിർപ്പിനെ തുടർന്ന് മരവിപ്പിച്ചതുമെല്ലാം കേരളം കണ്ടതാണ്. ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങളോട് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ള വിരുദ്ധതയുടെ ചരിത്രം ഇപ്പോഴും തുടരുന്നു എന്നതാണ് ഏറ്റവും അപകടകരം.
“ബ്രാഹ്മിൻ ബോയ്സിൻ്റെ പാർട്ടി ” എന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഡോ.അംബേദ്കർ വിശേഷിപ്പിച്ചത് തിരുത്താനാനായിട്ടെങ്കിലും ഇന്നും തലച്ചോറിൽ പേറുന്ന ദളിത് വിരുദ്ധത CPM അവസാനിപ്പിക്കണം. ദീപയ്ക്ക് അനുകൂലമായ കോടതിവിധികൾ പോലും അട്ടിമറിച്ച സർവ്വകലാശാല അധികൃതർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം.
ജാതിചിന്തകൾക്കെതിരെ പടപൊരുതുന്ന ദീപ പി മോഹനന് കെപിസിസിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.