വ്യാപാരിക്ക് എതിരായ പോക്‌സോ ആരോപണം, എസ്‌.ഐയുടെ മകളുടെ പരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച്

കണ്ണൂര്‍ പയ്യന്നൂരില്‍ വ്യപാരിക്കെതിരായ പോക്‌സോ പരാതി എസ്‌ഐ കെട്ടിച്ചമച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എസ്‌ഐയുടെ മകള്‍ നല്‍കിയ പോക്‌സോ പരാതിയാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യപാരിയായ ഷമീം ആയിട്ടുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് 16 കാരിയായ സ്വന്തം മകളെക്കൊണ്ട് എസ്‌ഐ പരാതി നല്‍കിച്ചത്. വിവരം പുറത്ത് വന്നതോടെ എസ്‌ഐക്കെതിരെ നടപടി എടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍ പെരുമ്പയിലെ ബേക്കറിയില്‍ കേക്ക് വാങ്ങാന്‍ എത്തിയതായിരുന്നു എസ്‌ഐ. കാര്‍ അടുത്തുള്ള ടയര്‍ സര്‍വ്വീസ് കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷമാണ് ബേക്കറിയിലേക്ക് പോയത്. എന്നാല്‍ സര്‍വ്വീസിന് വരുന്ന മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ആയത് കൊണ്ട് കാര്‍ മാറ്റിയിടാന്‍ മാനേജരായ ഷമീം ആവശ്യപ്പെട്ടു. ഇതിന് അടുത്ത ദിവസം വൈകിട്ട് പൊലീസ് ജീപ്പില്‍ സ്ഥലത്തെത്തിയ എസ്‌ഐ കടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് കാണിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഇതേ തുടര്‍ന്ന് ഷമീം മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നല്‍കിയിരുന്നു. എസ്‌ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഇയാളെ സ്ഥലം മാറ്റി. ഇതിന് പ്രതികാരമായിട്ടാണ് സ്വന്തം മകളെ കൊണ്ട് ഷമീമിനെതിരെ വ്യാജ പീഡന പരാതി നല്‍കിച്ചത്. താന്‍ ബേക്കറിയില്‍ കേക്ക് വാങ്ങുന്നതിനിടെ കാറിലിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു ആരോപണം.

Read more

എസ്‌ഐയുടേത് വ്യാജ ആരോപണമാണെന്ന് ഷമീം എസ്പിയെ കണ്ട് വ്യക്തമാക്കി. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഡിവൈഎസ്പി മനോജ് കുമാറിന്റെ രണ്ട് മാസത്തെ അന്വേഷണത്തിന് ഒടുവില്‍ കേസ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് നല്‍കി. അന്വേഷണത്തില്‍ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പരിശോധിച്ച ശേഷമായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. എസ്‌ഐക്ക് എതിരെ ശിക്ഷാനടപടികളിലേക്ക് കടക്കുന്ന കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനം എടുത്തിട്ടില്ല. പോക്‌സോ പരാതി ആയതിനാലാണ് എസ്‌ഐയുടേയും മകളുടേയും പേര് വിവരങ്ങള്‍ പുറത്ത് വിടാത്തത്.