ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ മുതുകുളം പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ ജി എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതെ പോയാല്‍ വാളെടുക്കുന്ന സംസ്‌കാരം ഈ നാടിന് ചേര്‍ന്നതല്ലെന്നും പതിവു പോലെ പ്രതികളെ രക്ഷിക്കാന്‍ നോക്കിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
മുതുകുളം പഞ്ചായത്തിലെ ഇന്ന് ഫലം അറിഞ്ഞ നാലാം വാര്‍ഡിലെ മെമ്പര്‍ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ്സ് ശക്തമായി ആവശ്യപ്പെടുന്നു. ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകളില്‍ മനം മടുത്ത് പാര്‍ട്ടി വിട്ട ബിജുവിന് പൂര്‍ണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും നല്‍കിയതാണ്.
ശക്തമായ മത്സരത്തില്‍ നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജുവിനെ ജനാധിപത്യ മത്സരത്തില്‍ തോല്‍പിക്കാന്‍ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിന്റെ മറവില്‍ അദേഹത്തെ ആക്രമിച്ചിരിക്കുന്നത്.
ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിക്കാണ് ബിജെപി ഗുണ്ടകളുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതെ പോയാല്‍ വാളെടുക്കുന്ന സംസ്‌കാരം ഈ നാടിന് ചേര്‍ന്നതല്ല. പതിവു പോലെ പ്രതികളെ രക്ഷിക്കാന്‍ നോക്കിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരള പോലീസിനെ ഓര്‍മപ്പെടുത്തുന്നു.