ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇടുക്കിയില്‍ 2386.86 അടിയായി. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും.
ഇടുക്കിഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു. നിലവില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ ഒഴുക്കുന്നത്. ഇത് തുടര്‍ന്ന് ചെറുതോണിപ്പുഴയിലും പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും വൃഷ്ടി പ്രദേശത്തെ മഴ മൂലമൂലം നീരൊഴുക്ക് ശക്തമായതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 7000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതേ തുടര്‍ന്ന് മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. പെരിയാറിലേക്ക് കൂടുതല്‍ ജലം എത്തിയതോടെ തീരവാസികള്‍ ആശങ്കയിലാണ്. പ്രദേശത്ത് 5 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.രാത്രിയില്‍ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും വെള്ളം കയറിയ വീടുകളിലെ ആളുകള്‍ മാറി താമസിച്ചു.
അതേസമയം ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക. ആദ്യം 50 ക്യുമെക്സ് ജലവും തുടര്‍ന്ന് 100 ക്യുമെക്സ് ജലവും തുറന്നുവിടും. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.