'മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം 15 കോടി, ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും'; സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്റെ കണക്കുകൾ ഇങ്ങനെ

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട് തുടക്കമാവുകയാണ്. കോടികൾ മുടക്കിയുള്ള വിവിധ പരിപാടികളാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെയെന്നാണ് വിലയിരുത്തൽ. പരിപാടികൾക്കായി ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും.

സംസ്ഥാനസർക്കാരിൻ്റെ നാലാംവാർഷികത്തിന് പന്തലും പ്രദർശനശാലകളും കെട്ടാൻ പണംനൽകുന്നത് കിഫ്‌ബി. ഓരോ ജില്ലയിലും കുറഞ്ഞത് ഒന്നരക്കോടിവെച്ച് 20 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വികസനപ്രവർത്തനങ്ങൾക്ക് കിഫ്ബി സമാഹരിക്കുന്ന പണത്തിൽനിന്നാണ് ഇത് നൽകുന്നത്. പ്രചാരണത്തിനും മറ്റു ചെലവുകൾക്കുമായി 27 കോടി നേരത്തേ അനുവദിച്ചിരുന്നു. ഇത് പബ്ലിക് റിലേഷൻ വകുപ്പാണ് ചെലവിടുന്നത്.

ഇതുകൂടാതെ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും അവയുടെ ചെലവ് കണ്ടെത്തേണ്ടിവരും. ഏഴുദിവസമാണ് ജില്ലകൾതോറും ‘എൻ്റെ കേരളം’ പ്രദർശനം. പ്രദർശന-വിപണന മേളയ്ക്ക് സ്റ്റാളുകൾക്കും മറ്റുമായി എയർ കണ്ടീഷൻചെയ്‌ത കൂറ്റൻ പന്തൽ വേണം. തിങ്കളാഴ്‌ച വാർഷികാഘോഷത്തിന് തുടക്കമാകുന്ന കാസർകോട് 48,000 ചതുരശ്രയടി പന്തലാണ് തയ്യാറാക്കിയത്. പന്തലിനുള്ള ടെൻഡർ ക്ഷണിക്കുന്നതും കരാറുകാരെ കണ്ടെത്തുന്നതും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺസ്ട്രക്‌ഷനാണ്.

ഇത്തവണ 11 ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾക്കാണ് കരാർ. രണ്ടാംവാർഷികത്തിന് ജില്ലയൊന്നിന് ഏകദേശം 1.29 കോടി ചെലവായെന്നാണ് കണക്ക്. പന്തലിന് പണം നൽകാൻ തത്ത്വത്തിൽ അനുമതിയായതായി കിഫ്ബി അധികൃതർ പറഞ്ഞു. എസ്റ്റിമേറ്റ് എത്രയെന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ലെന്നാണ് വിശദീകരണം. ഭരണാനുമതി കിട്ടുന്ന അത്രയും തുക ചെലവിടാറില്ലെന്നാണ് പിആർഡി വിശദീകരണം. അതേസമയം ഇത്തവണ ചെലവ് പരമാവധി ചുരുക്കിയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പ്രദർശനത്തിൽ അറുപത് ശതമാനം വാണിജ്യ സ്റ്റാളുകളായിരിക്കണമെന്ന് നിർദേശമുണ്ട്. ഇവയിൽനിന്ന് വരുമാനം കിട്ടുമെന്നും മന്ത്രി പറഞ്ഞു.

Read more