ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെ പടര്‍ന്ന തീ പൂര്‍ണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്‌നിശമന സേന ബ്രഹ്‌മപുരത്ത് തുടരുകയാണ്. ബ്രഹ്‌മപുരത്ത് സെക്ടര്‍ ഒന്നിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. സെക്ടര്‍ ഒന്നില്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് വിവരം.
ഈ സെക്ടറിലെ മാലിന്യക്കൂന എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് ഇളക്കിമറിച്ച് അതിലേക്ക് വെള്ളം പമ്പു ചെയ്യുന്നത് രാത്രിയിലും തുടരുകയാണ്. ജാഗ്രത തുടരാനും സ്ഥിതി നിയന്ത്രണത്തിലാണെന്ന് ഉറപ്പു വരുത്താനും അഗ്‌നി രക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാം നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോള്‍ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടന്‍ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടുത്തിനുണ്ടായ സാഹചര്യവും അഗ്‌നിശമന സേന അന്വേഷിക്കുന്നുണ്ട്.