തിരുവനന്തപുരം പാലോട് വനത്തിനുള്ളില്‍ 50കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കാട്ടാനയുടെ ആക്രമണമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. പാലോട് -മങ്കയം അടിപ്പറമ്പ് വനത്തില്‍ നിന്ന് ഇന്നലെയാണ് 5 ദിവസത്തോളം പഴക്കം ചെന്ന മടത്തറ- ശാസ്താംനട സ്വദേശി ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ബന്ധുവീട്ടില്‍ പോയ ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശാസ്താംനടയിലെ വീട്ടില്‍ നിന്നും ജോലിക്കായി ബാബു അടിപ്പറമ്പിലെ ബന്ധു വീട്ടില്‍ പോയത്. പിന്നാലെ ബാബു സ്ഥിരമായി സഞ്ചരിക്കാറുള്ള വനപാതയില്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
വസ്ത്രങ്ങള്‍ കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടതായും, ബാബുവിന്റെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ആണെന്ന സംശയവും ബന്ധുക്കള്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. മൃതദേഹം കിടക്കുന്ന അടിപ്പറമ്പ് വനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തി പരിശോധിച്ചാണ് കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.
ബാബുവിന്റെ കഴുത്തിലും വാരിയെല്ലിനും പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. അതിനിടെ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.