പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം

കനത്തമഴയെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറുകള്‍ കൂടി തുറന്നു. ഇതേ തുടര്‍ന്ന് ചാലക്കുടി പുഴയോരത്തുള്ളവര്‍ മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകടനിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട് അതിനാല്‍ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം. 2018ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദ്ദേശം നല്‍കി.

തമിഴ്നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.

പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദികളിലും ജലനിരപ്പ് ഉയരുകയാണ്. ഇതേ തുടര്‍ന്ന് നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, ജനങ്ങള്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.  പമ്പാ നദിയിലും ജലനിരപ്പ് ഉയര്‍ന്നു. പാലായില്‍ മീനച്ചിലാറിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞുവീണ് വലിയ ഗര്‍ത്തം രൂപപ്പെട്ടു. അഴുതയാര്‍ കരകവിഞ്ഞത്തോടെ കോരുത്തോട് മൂഴിക്കല്‍ കോ സ്വേ വെള്ളത്തിനടിയിലായി.പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

Read more

ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി. തൊടുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മലയോരപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.