ഇടുക്കിയില്‍ രണ്ട് വയസുകാരിയെ ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത് വിദേശത്തുള്ള ഭാര്യയുടെ മുഴുവന്‍ ശമ്പളവും വേണമെന്ന് ആവശ്യപ്പെട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഇടുക്കി പൈനാവില്‍ ആയിരുന്നു കൊടുംക്രൂരത അരങ്ങേറിയത്. ആക്രമണം തടയാന്‍ ശ്രമിച്ച കുട്ടിയുടെ മുത്തശ്ശിയ്ക്കും പരിക്കേറ്റിട്ടുണ്ട്.
പൈനാവ് സ്വദേശികളായ അന്നക്കുട്ടിയ്ക്കും കൊച്ചുമകള്‍ക്കും നേരെയാണ് ആക്രമണം നടന്നത്. അന്നക്കുട്ടിയുടെ മരുമകനും കുട്ടിയുടെ അമ്മാവനുമായ കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ അന്നക്കുട്ടി സന്തോഷിന്റെ ഭാര്യ മാതാവാണ്. പ്രതിയുടെ ഭാര്യ സഹോദരന്റെ മകള്‍ക്ക് നേരെയാണ് വധശ്രമം ഉണ്ടായത്.
സന്തോഷിന്റെ ഭാര്യ പ്രിന്‍സി ജര്‍മനിയില്‍ നഴ്‌സാണ്. ഭാര്യ ജര്‍മനിയില്‍ നിന്ന് അയയ്ക്കുന്ന മുഴുവന്‍ ശമ്പളവും തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് ആക്രമണം നടത്തിയത്. വൈകുന്നേരത്തോടെ അന്നക്കുട്ടിയുടെ വീട്ടില്‍ പെട്രോളുമായെത്തിയ പ്രതി വഴക്കുണ്ടാക്കിയതിന് പിന്നാലെ അന്നക്കുട്ടിയുടെയും ലിയയുടെയും ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു. പ്രതിയുടെ കുട്ടിയും ഇതേ വീട്ടിലാണ് താമസം. എന്നാല്‍ സംഭവത്തിന് മുന്‍പ് പ്രതി സ്വന്തം കുട്ടിയെ ജ്യേഷ്ഠന്റെ വീട്ടില്‍ ഏല്‍പ്പിച്ചതിന് ശേഷമാണ് ആക്രമണത്തിനായി അന്നക്കുട്ടിയുടെ വീട്ടിലേക്ക് പോയത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. മുപ്പത് ശതമാനത്തോളം പൊള്ളലേറ്റ കുട്ടി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.