കെ.റെയിൽ ഡി.പി.ആറിന്റെ പൂർണരൂപം പുറത്ത്

കെ റെയിൽ ഡിപിആർ പൂർണരൂപം പുറത്ത്. ഡിപിആറും റാപ്പിഡ് എൻവയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തായത്. ആറ് ഭാഗങ്ങൾ അടങ്ങുന്നതാണ് ഡിപിആറിന്റെ പൂർണരൂപം. 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലങ്ങളെ കുറിച്ചും വിശദമായ വിവരങ്ങളുമുണ്ട്. ട്രാഫിക് സ്റ്റഡി റിപ്പോർട്ടും ഡിപിആറിന്റെ പ്രധാന ഭാഗമാണ്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി ആഘാത പഠനം സംസ്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡിപിആറിന്റെ പൂർണരൂപം പുറത്തായത്. നേരത്തെ എക്‌സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്. ഡിപിആറിന്റെ പൂർണരൂപം പുറത്ത് വിടുന്നതിൽ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സർക്കാർ പറഞ്ഞിരുന്നത് . പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ റെയിൽ-എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഡിപിആറിൽ വ്യക്തമാകുന്നുണ്ട്.

കെ-റെയിലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടുന്നത് പദ്ധതിയുടെ മുന്നോട്ടുപോക്കിന് ദോഷകരമാകും എന്നായിരുന്നു സർക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിൽ കൂടി എംഡി പറഞ്ഞത് ഡിപിആർ രഹസ്യ രേഖയാണെന്നും കൊമേഴ്സ്യൽ ഡോക്യുമെന്റ് ആണെന്നുമാണ്. ടെൻഡർ ആകാതെ ഇത് പുറത്തു വിടാൻ സാധിക്കില്ലെന്നും കൊച്ചി മെട്രോയെ ഉദ്ധരിച്ച് എംഡി ഇന്നലെയും പറഞ്ഞിരുന്നു.

ഏതൊക്കെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് സർവേ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ പറയാനാകൂ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വിവരങ്ങൾ. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡിപിആറിൽ വിശദീകരിക്കുന്നുണ്ട്.

കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ ആർക്കും ആശങ്ക വേണ്ടെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥലം നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും. യുഡിഎഫും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. അതേസമയം ഡിപിആർ നൽകിയെന്ന തെെറ്റായ മറുപടി നൽകിയിതിൽ അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകിയതും കഴിഞ്ഞ ദിവസം തന്നെയാണ്. ഡിപിആർ സിഡിയായി നൽകിയെന്ന് തെറ്റായി മുഖ്യമന്ത്രി മറുപടി നൽകിയെന്നായിരുന്നു അൻവർ സാദത്ത് എംഎൽഎയുടെ പരാതി.