ആലപ്പുഴയില്‍ ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ നിലംപതിച്ചു; നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍

ആലപ്പുഴ ബീച്ചിന് സമീപം നിര്‍മ്മാണത്തിലിരുന്ന ബൈപ്പാസിന്റെ ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ നിലംപതിച്ചു. ഉയരപ്പാതയുടെ നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു.

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ  ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മേല്‍പ്പാതകളാണ് ഇവിടെയുള്ളത്. ഇതില്‍ ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. രണ്ടാമത്തേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.

ഗര്‍ഡറുകള്‍ നിലംപതിച്ചതിന് കാരണം ബലക്ഷയമാണെന്ന ആരോപണത്തില്‍ വിശദപരിശോധന നടത്തുമെന്നും കളക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അഴിമതി ആരോപണം ഇതോടകം ഉയര്‍ന്നിട്ടുണ്ട്. നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പരിശോധനകളാവശ്യമാണെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.