സമൂഹ മാധ്യമങ്ങളിലെ സൗഹൃദങ്ങളും ചാറ്റിങ്ങും ചോദ്യം ചെയ്ത സഹോദരനെതിരെ പെണ്‍കുട്ടി വ്യാജ പീഡന പരാതി നല്‍കി. മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സഹോദരനെതിരെ പരാതി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയതോടെ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആണ് പെണ്‍കുട്ടി പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞത്.
ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും, പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ നിരന്തരമായുള്ള ചാറ്റിങ്ങ് ശ്രദ്ധയില്‍ പെട്ടതോടെ സഹോദരന്‍ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ശകാരിക്കുകയും, വീട്ടില്‍ അറിഞ്ഞതോടെ ഫോണ്‍ ഉപയോഗം തടയുകയും ചെയ്തു.
ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിച്ചത്. സഹോദരന്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടേയും, തിരൂര്‍ ഡിവൈഎസ്പിയുടേയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ ബഷീര്‍ ചിറക്കലാണ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ സഹോദരനെതിരെ കേസെടുത്ത് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ഇതോടെ മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടി. വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പറഞ്ഞത് കള്ളമാണെന്നും പരാതി വ്യാജമാണെന്നും മനസ്സിലായത്.