ആശാ വർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്‍കെന്ന് നടൻ ജോയ് മാത്യു. ഇന്ത്യ ഭരിക്കുന്നവരും സംസ്ഥാന സർക്കാർ ചെയ്യുന്നതും ഒരേ രീതിയെന്നും സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുന്നുവെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. അതേസമയം സർക്കാരിന് അനാവശ്യ പിടിവാശിയാണെന്നും ജോയ് മാത്യു പറഞ്ഞു.
യുവജന സംഘടനകൾ പാർട്ടിയുടെ അടിമകളാണെന്നും സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത അടിമകളായി മാറിയെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. ആമസോൺ കാട് കത്തുമ്പോൾ ബ്രസീൽ എംബസിക്ക് മുൻപിൽ സമരം ചെയ്തവരാണ് ഇവർ. പക്ഷേ ഇവിടുത്തെ സമരം ഇവർ കാണുന്നില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി.
ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിക്ക് മുമ്പിൽ പോയി സമരം ചെയ്യും. അപ്പോഴായിരിക്കും ബ്രസീൽ എംബസി പോലും ആമസോൺ കാടു കത്തിയ കാര്യം അറിയുക. ഫെയ്സ്ബുക്കിൽ ഒക്കെ വലിയ വിപ്ലവം എഴുതും. അവർക്കൊന്നും ആശമാരുടെ സമരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ പോലുമില്ലെന്നും ജോയ് മാത്യു പരിഹസിച്ചു.
സർക്കാർ സ്ത്രീകളെ അപഹസിക്കുന്നുവെന്നും ചർച്ചക്ക് വിളിക്കുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യ രീതി നടപ്പിലാക്കുന്നില്ല. തമിഴ്നാട്ടിൽ സിഐടിയു ആണ് ആശാ സമരം നടത്തുന്നത്. നമ്മുടെ മുഖ്യമന്ത്രി എല്ലാ അർത്ഥത്തിലും സ്റ്റാലിന് പഠിക്കുകയാണ്. ആശാ സമരം ജനകീയ സമരമാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ലെന്നും ദുർവാശി പരിഹാസം സർക്കാരിന്റെ മുഖമുദ്രയാണെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.