മോട്ടോര്‍ വാഹന വകുപ്പ് കുടിശ്ശിക വരുത്തിയതോടെ അവസാനിപ്പിച്ച സേവനങ്ങള്‍ പുനരാരംഭിക്കാന്‍ സി-ഡിറ്റ്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് സേവനങ്ങള്‍ പുനഃരാരംഭിക്കാന്‍ സി-ഡിറ്റ് തീരുമാനിച്ചത്. കുടിശ്ശികയുള്ള തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 10 കോടി രൂപയാണ് പ്രതിഫല ഇനത്തില്‍ കുടിശ്ശികയുള്ളത്.
സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെ 200 കരാര്‍ ജീവനക്കാരോട് വെള്ളിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സി-ഡിറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23ന് ആയിരുന്നു സി-ഡിറ്റ് ജീവനക്കാരെ പിന്‍വലിച്ചത്. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാറും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തുമായുള്ള തര്‍ക്കത്തിനിടയില്‍ സി-ഡിറ്റിന്റെ ഫയലില്‍ കാലതാമസം വരുകയായിരുന്നു. ഫയലില്‍ കൃത്യതയില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന് അനുവദിക്കേണ്ട തുക ധനവകുപ്പ് നല്‍കിയില്ല. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ അടിയന്തര യോഗത്തിലാണ് കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.