നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറാ ജോസഫ്. അതിജീവിത വിഷയത്തില്‍ അഞ്ച് വര്‍ഷമായി ഇവിടെ എന്താണ് നടക്കുന്നത്, അതൊന്നും സര്‍ക്കാര്‍ കാണുന്നില്ലേയെന്നും അവര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറയുന്നത് വിശ്വസിക്കുന്നില്ലെന്നും സാറാ ജോസഫ് പറഞ്ഞു.
വിഷയത്തില്‍ ഭരണകൂടം പൊട്ടന്‍കളിക്കരുത്. കേസ് അട്ടിമറിക്കാനുള്ള വലിയ ശ്രമം തുടരുകയാണ്. എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടി ഒറ്റക്കാകുകയാണ്. സുപ്രീംകോടതി വരെ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കുന്നത് ഗതികേടാണെന്നും എഴുത്തുകാരി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സാസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം എന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.
അതേസമയം കേസില്‍ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു.
വിധി നേരത്തെ എഴുതിവെച്ചതാണ്. ഇപ്പോള്‍ നടക്കുന്നത് നാടകമാണ്. എഴുതിവെച്ച വിധി പ്രഖ്യാപിക്കേണ്ട താമസം മാത്രമേ ഇനി ബാക്കിയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read more
കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും അതിന്റെ കാരണം എന്താണെന്ന് കോടതി ചോദിക്കുന്നില്ല. നീതിപീഠത്തോട് ഭയവും സംശയവുമാണ്. ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. അതീജവിതക്ക് കാര്യമായ പണമോ പ്രശസ്തിയോ ഇല്ലാത്തതിനാണ് ഈ വേര്‍തിരിവ്. എല്ലാവരും അവള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്. തെറ്റ് ചെയ്തില്ലെങ്കില്‍ എന്തിനാണ് കേസ് നീട്ടിക്കൊണ്ടുപോവുന്നതില്‍ പേടിക്കുന്നതെന്നും അവര്‍ ചോദിച്ചു.