ലഹരി വിരുദ്ധ പോരാട്ടത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന വിപത്താണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം. ലഹരിയില്‍ നിന്ന് വരും തലമുറയെ രക്ഷിക്കാന്‍ അവസാനം വരെ സര്‍ക്കാരിന് ഒപ്പമുണ്ടാകും.
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിഷയം ഗൗരവത്തോടെ എടുത്തതിനെ സ്വാഗതം ചെയ്യുന്നു. വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം തന്നെയാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. എക്‌സൈസും പൊലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്‌കൂളുകളിലേക്ക് ലഹരി എത്തുന്നു. സര്‍ക്കാര്‍ വലിയ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്നും ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ് എം.എല്‍.എ ചൂണ്ടിക്കാട്ടി. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുകയാണ്. കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.