ഗവര്‍ണര്‍ക്ക് ഭരണഘടന അറിയില്ല; ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിഞ്ഞു; രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍

കേരള ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ കാഴ്ചപ്പാടുകളോ, കീഴ്വഴക്കങ്ങളോ അറിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കേരളത്തിലെ ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകളോ, കീഴ്വഴക്കങ്ങളോ അറിയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാനുള്ള അദ്ദേഹത്തിന്റെ നടപടി.

മന്ത്രിസഭയുടെ ഉപദേശത്തിനും, ശുപാര്‍ശകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും, ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ പ്രസിഡന്റിന് അയച്ച് സംശയനിവാരണം നടത്തുകയുമാണ് ചെയ്യേണ്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അറിയാതെ നേരിട്ട് വിളിക്കാനോ, അന്വേഷിക്കാനോ ഉള്ള യാതൊരു അവകാശവും ഗവര്‍ണര്‍ക്കില്ല. ഭരണഘടനാപരമായ ഈ കാഴ്ചപ്പാടുകളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണറുടെ കാലാവധി സെപ്തംബര്‍ 6-ാം തീയ്യതി പൂര്‍ത്തിയായതാണ്. പുതിയ ഗവര്‍ണര്‍ വരുന്നതുവരെ തുടരാമെന്ന ആനുകൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

Read more

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേയും, മാധ്യമങ്ങള്‍ കാണിക്കുന്ന തെറ്റായ സമീപനങ്ങള്‍ക്കെതിരേയും കോടതി പുറപ്പെടുവിച്ച പ്രസ്താവനകള്‍ പോലും വാര്‍ത്തയാക്കാത്ത മലയാളത്തിലെ മാധ്യമങ്ങള്‍ ജനാധിപത്യപരമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ്.