ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന 25 ദിവസം പ്രായമുള്ള കുഞ്ഞിനെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു

കൊച്ചി അമൃത ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന 25 ദിവസം പ്രായമുള്ള കുഞ്ഞിനെ ആരോഗ്യമന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു. കുട്ടിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാക്കള്‍ സന്തോഷമായി ഇരിക്കുന്നത് കണ്ടപ്പോള്‍ വളരെയധികം ആശ്വാസം തോന്നി. എത്രയും വേഗം ഭേദമായി കുട്ടി ആശുപത്രി വിടട്ടേയെന്ന് ആഗ്രഹിക്കുന്നതായി മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ 16-ാം തീയതിയാണ് 15 ദിവസം പ്രായമുളള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്നത്. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുകയും കൊച്ചി അമൃതയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായാണ് സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നത്.

ശിശുമരണനിരക്ക് കുറച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായി ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ സൗജന്യമായി ചികിത്സിക്കാനായാണ് സര്‍ക്കാര്‍ ഹൃദ്യം പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഇതുവരെ 1341 കുട്ടികള്‍ക്കാണ് ഈ പദ്ധതി വഴി പ്രയോജനം ലഭിച്ചു.