എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എല്‍ദോസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി പരിഗണിച്ചത്.
നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു ജാമ്യം. ഇതേതുടര്‍ന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂര്‍ത്തിയാക്കിയിരുന്നു.
അതേസമയം ഉഭയകക്ഷി സമ്മത പ്രകാരമല്ലെ ലൈംഗിക ബന്ധം ഉണ്ടായതെന്നും എല്ലാം സിനിമ കഥപോലെയുണ്ടല്ലോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഉഭയകക്ഷി സമ്മതത്തോടെ എത്രതവണ ബന്ധപ്പെട്ടു എന്നതല്ല ഒരു തവണ നോ പറഞ്ഞാല്‍ ബലാത്സംഗം തന്നെയാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തനിക്കെതിരെ പരാതി നല്‍കിയ യുവതി 49 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എല്‍ദോസ് അറിയിച്ചിരുന്നു.