ആദിവാസി കുടിലുകൾ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ആദിവാസി കുടുംബങ്ങളുടെ കുടിലുകള്‍ പൊളിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫീസറെയാണ് സസ്പെന്‍റ് ചെയ്തത്. മനുഷ്യത്വരഹിതമായ നടപടിക്കെതിരെ വ്യാപക ജനരോഷം ഉയർന്നിരുന്ന പശ്ചാത്തലത്തിലാണ് നടപടി.

കൊല്ലികോളനിയിലെ മൂന്ന് ആദിവാസി കുടുംബങ്ങളുടെ കുടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചത്. വന്യജീവി സങ്കേതത്തിലെ കയ്യേറ്റമെന്ന് ആരോപിച്ചായിരുന്നു നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ള ആദിവാസി കുടുംബങ്ങള്‍ വനം വകുപ്പ് ഓഫീസിന് മുന്നില്‍ സമരം ഇരുന്നു. അതേസമയം സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കേസെടുത്തിരുന്നു.

ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെയാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ എസ് ദീപ സസ്പെന്‍റ് ചെയ്തത്. ആദിവാസികളുടെ കുടിലുകള്‍ ജാഗ്രതയില്ലാതെ പൊളിച്ചത് വനംവകുപ്പിന് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു. മറ്റെങ്ങും പോകാനില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവ‍ർ പൊളിച്ച കുടിലിന്‍റെ തറയില്‍ തന്നെയാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്.