പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാതെ പൊലീസ്

കോഴിക്കോട് ബീച്ച് റോഡില്‍ പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാതെ പൊലീസ്. ഗതാഗത വകുപ്പും പൊലീസും നൽകുന്ന വിശദീകരണത്തിലും വൈരുധ്യങ്ങളാണ്. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് പരസ്യ ചിത്രീകരണത്തിനിടെ ഇന്നലെ മരിച്ചത്.

ഇടിച്ചത് ഡിഫന്‍ഡർ കാറാണെന്ന് എഫ്ഐആറില്‍ പറയുന്നത്. എന്നാൽ ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഏത് വാഹനമാണ് ഇടിച്ചതെന്നതിൽ കൃത്യമായി ഒരു ഉത്തരം നൽകാൻ ഇരുകൂട്ടർക്കും ആയിട്ടില്ല.

അതേസമയം സംഭവത്തിൽ കൂടുതൽ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്.

രണ്ട് വർഷം മുമ്പാണ് ആല്‍വിന്റെ കിഡ്നി ഓപ്പറേഷന്‍ കഴിഞ്ഞത്. ആറ് മാസങ്ങൾ കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് ചെയ്യണം. അതിനായി വിദേശത്ത് നിന്ന് നാട്ടിലെത്തും. ഭാരമുള്ള ജോലികളൊന്നും ചെയ്യാൻ സാധിക്കില്ല. വീഡിയോ ഗ്രാഫറായ ആൽവിൻ നാട്ടിലെത്തിയപ്പോൾ ആണ് ഒരു കമ്പനിയുടെ പ്രമോഷൻ വീഡിയോ (പരസ്യ ചിത്രീകരണം) ചിത്രീകരണം ഏറ്റെടുക്കുന്നത്. ഇതിനിടയിലാണ് അപകടം സംഭവിച്ച് മരണപ്പെടുന്നത്.