ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഗുണ്ടയായ പ്രതിയ്ക്ക് 86 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിന് ആണ് കോടതി 86 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.
പ്രതി നാല് വര്‍ഷം കുട്ടിയെ പീഡനത്തിനിരയാക്കിയതായി കോടതി കണ്ടെത്തി. 2015ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്ന് 2019 വരെ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ വീടിന് സമീപത്തുള്ള വിജനമായ സ്ഥലങ്ങളില്‍ വച്ച് നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചതായാണ് പരാതി. ഗുണ്ടയായ പ്രതിയെ ഭയന്ന് കുട്ടി വിവരം പുറത്തുപറഞ്ഞില്ല.
2019ല്‍ പ്രതി കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയെ ഉപയോഗിച്ച് സ്വകാര്യ സ്ഥാപനത്തില്‍ മോഷണം ആസൂത്രണം ചെയ്‌തെങ്കിലും കുട്ടി പിടിക്കപ്പെട്ടു. തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരോട് കുട്ടി നടന്ന സംഭവങ്ങളെല്ലാം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരം നല്‍കിയതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.
പിഴ തുകയായ 75,000 രൂപ നല്‍കിയില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴയായി അടയ്ക്കുന്ന തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നാണ് വിധിയില്‍ പറയുന്നത്.