പത്തനംതിട്ട റാന്നിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരാണ് പിടിയിലായിരിക്കുന്നത്. 28 വയസുള്ള ചെത്തോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.
എറണാകുളത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടക്കുന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ബിവറേജസ് ഔട്ട്ലറ്റിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം. റാന്നി ബിവറേജസ് ഔട്ട്ലറ്റിന് മുൻപിൽ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഭീഷണി മുഴക്കിയും മറ്റും ഇവർ പിരിഞ്ഞുപോയി. തുടർന്ന് മക്കപ്പുഴയില്‍ വെച്ച് ഇരു സംഘങ്ങളും വീണ്ടും ഏറ്റുമുട്ടി. തുടർന്ന് തർക്കം മൂർച്ഛിച്ചതോടെ അമ്പാടിയുടെ മുകളിലൂടെ എതിർ സംഘം കാറോടിച്ച് കയറ്റുകയായിരുന്നു.
റാന്നി ബിവറേജസിന് മുമ്പിൽ നടന്ന തർക്കമാണ് എല്ലാറ്റിനും തുടക്കമിട്ടത്. എന്നാൽ ആ സംഘർഷം നടക്കുമ്പോൾ അമ്പാടി ഉണ്ടായിരുന്നുമില്ല. അമ്പാടിയുടെ സുഹൃത്ത് മിഥുനും എതിർ സംഘാംഗം അജോയും തമ്മിലാണ് വാക്കുതർക്കം ആദ്യം ഉണ്ടായത്. തുടർന്ന് മിഥുൻ്റെ വീട്ടിൽ അജോയ് അന്വേഷിച്ച് ചെന്നിരുന്നു. ധൈര്യമുണ്ടെങ്കിൽ പുറത്ത് വരാൻ അജോയ് ഫോണിൽ മിഥുനെ വെല്ലുവിളിച്ചു. എന്നാൽ മക്കപ്പുഴയിലേക്ക് വരാനായിരുന്നു മിഥുന്റെ മറുപടി. തുടർന്നാണ് മക്കപ്പുഴയിൽ വെച്ച് ഇരു സംഘങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതും അമ്പാടി കൊല്ലപ്പെട്ടതും.