ആലപ്പുഴ ബൈപ്പാസില്‍ നിര്‍മ്മാണത്തിലിരുന്ന ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രൊജക്റ്റ് മാനേജര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചിട്ടില്ലെന്നും മൊബൈല്‍ ഫോണിലൂടെയായിരുന്നു തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാനാണ് തീരുമാനം. മാര്‍ച്ച് 3ന് ആയിരുന്നു ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഗര്‍ഡറുകള്‍ തകര്‍ന്നുവീണത്.
സംഭവത്തില്‍ നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. അപകടത്തില്‍ ആളപായം ഇല്ലായിരുന്നു. രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്. ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.