സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. നേരത്തെ സംഭവം മറച്ചുവച്ചതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അദ്ധ്യാപകനെതിരായ പരാതി മറച്ചുവച്ചതിനാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്.

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ആണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. അതേസമയം കേസില്‍ റിമാന്‍ഡിലുള്ള അധ്യാപകന്‍ അരുണ്‍ മോഹനെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി നിലവില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡന വിവരം വിദ്യാര്‍ത്ഥിനി കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളിലെ മറ്റ് അധ്യാപകരെ അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അരുണ്‍ മോഹനെതിരെ നടപടി സ്വീകരിച്ചെങ്കിലും പൊലീസില്‍ വിവരം അറിയിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ ഒരു ബന്ധുവാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സ്‌കൂള്‍ അധികൃതരുടെ വീഴ്ച പുറത്തുവന്നത്. തുടര്‍ന്നാണ് ഫോര്‍ട്ട് പൊലീസ് സ്‌കൂളിനെതിരെ കേസെടുത്തത്.