ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വളരെയധികം വ്യക്തി അധിക്ഷേപം നേരിട്ടെന്ന് വ്യക്തമാക്കി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. ആക്ഷേപങ്ങൾ ഉണ്ടായപ്പോൾ തുടക്കത്തില്‍ അതെല്ലാം അവഗണിച്ചിരുന്നു. പിന്നീടങ്ങോട്ട് അധിക്ഷേപങ്ങൾ തുടര്‍ക്കഥയായി മാറിയതോടെയാണ് വിഷയത്തിൽ പ്രതികരിച്ചതെന്നും കെ.കെ ശൈലജ പറഞ്ഞു. ജനം എല്ലാം മനസ്സിലാക്കിയിട്ടുണ്ട്.
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും ഏത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും ചെയ്തത് തെറ്റാണെങ്കില്‍ അത് പറയുമെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു. ആര്‍എംപി നേതാവ് ഹരിഹരന്റെ പരാമര്‍ശത്തിന് മറുപടി പറയുന്നത് നാണക്കേട് ആണെന്നും കെ.കെ ശൈലജ പറഞ്ഞു. ജനങ്ങള്‍ പ്രതികരിക്കട്ടെ. വടകരയടക്കം 12 ലധികം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കും. വടകരയില്‍ യുഡിഎഫ് ബിജെപിയുമായി ധാരണയ്ക്ക് ശ്രമിച്ചു. എന്നാല്‍ എത്രത്തോളം വോട്ടുകള്‍ അങ്ങനെ പോയിട്ടുണ്ടെന്ന് അറിയില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.