ടി അരുൺ കുമാർ
കേരളമാതൃകയുടെ പിതൃത്വത്തെപ്പറ്റി അതിതീവ്രമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. കേരളം ഇപ്പോഴും അഭിപ്രായസ്വാതന്ത്രമുള്ള ഒരു ജനാധിപത്യം ആയതു കൊണ്ട് നമുക്കും ചില കാര്യങ്ങള്‍ പറയാനുള്ള അവസരമുണ്ടല്ലോ.
ആദ്യമായി നമ്മള്‍ ആ അടിസ്ഥാനപരമായ ചോദ്യം ചോദിക്കുക: എന്താണീ കേരളമാതൃക ?
എന്റെ പരിമിതമായ അറിവില്‍ അതൊരു ജനത അതിന്റെ കൂട്ടായ പ്രയത്നത്താൽ ആര്‍ജ്ജിച്ചെടുത്ത ജീവിതനിലവാരത്തിന്റെ വികാസസൂചികയാണ്. അത് രണ്ട് ബിന്ദുക്കളെ ബന്ധിപ്പിച്ച് കൊണ്ട് വരച്ചൊരു രേഖയല്ല. മറിച്ച് ഒരു ബിന്ദുവില്‍ നിന്ന് തുടങ്ങി, മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു രശ്മിയാണ്. കുറച്ചുകൂടി ലളിതവത്കരിച്ചാല്‍ കേരളാമാതൃക ചരിത്രത്തില്‍ നിന്ന് തുടങ്ങി വര്‍ത്തമാനത്തിലൂടെ ഭാവിയിലേക്ക് മുന്നേറുന്നു. അതൊരു കുളമല്ല, നദിയാണ് എന്നര്‍ത്ഥം.
രണ്ട് സവിശേഷതകള്‍ കേരളമാതൃകയെ ശ്രദ്ധേയമാക്കുന്നുണ്ട് : ഒന്ന്, അത് ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ദേശീയ ശരാശരിയേയോ ആഗോള ശരാശരിയേയോ ഒക്കെ കടത്തിവെട്ടുന്നു. രണ്ടാമതായി ഒരു ഉപഭോഗസംസ്ഥാനമായി നിലനിന്നിട്ടു കൂടിയാണ് നാം ഈ നേട്ടങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നത്.
അപ്പോള്‍ ഈ പരിണാമപക്രിയയില്‍ സര്‍ക്കാരുകള്‍ക്ക് പങ്കുണ്ടാവില്ലേ ? തീര്‍ച്ചായും ഉണ്ട്. 1957 മുതലുള്ള എല്ലാ മുന്നണി സര്‍ക്കാരുകള്‍ക്കും പങ്കുകൊടുത്തേ പറ്റൂ.
ഇനിയുള്ളത് കോവിഡ് കാലത്തെ ഭരണകൂടത്തിന്റെ സവിശേഷ ഇടപെടലിനെപ്പറ്റിയാണ് . അതുമായി ബന്ധപ്പെട്ട എന്റെ അനുഭവം ഞാന്‍ പറയാം:
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ ഞാന്‍ വീടിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല. തൊട്ടടുത്ത കവലയിലേക്ക് പോലും. 12 വര്‍ഷങ്ങള്‍ സജീവ മാധ്യമപ്രവര്‍ത്തകനായിരുന്ന, എനിക്ക് നഗരത്തില്‍ ചങ്ങാത്തതിന് കുറവൊന്നുമില്ല. പത്ത് മിനിറ്റ് കാറോടിച്ചാല്‍ സിറ്റിയിലെത്താമെങ്കിലും പോയിട്ടില്ല.
അത്യാവശ്യം സ്മോള്‍ അടിക്കാറുണ്ട്. കോറോണവന്നപ്പോള്‍ ബിവറേജിലെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ഡോര്‍ഡെലിവറി സാധ്യത പരിശോധിക്കണമെന്നും എന്നെഴുതിയതല്ലാതെ ഒരു ബോട്ടില്‍ മദ്യം പോലും വാങ്ങി സൂക്ഷിക്കാന്‍ ആ പരിസരത്ത് പോയിട്ടില്ല.
ഞാന്‍ പുറത്തിറങ്ങാത്തത് സഹജീവികളോടുള്ള എന്റെ ഉത്തരവാദത്തിന്റെ ഭാഗമായാണ്. ഇടതിനെയും വലതിനെയും പലപ്പോഴും പോസ്റ്റുകളില്‍ വിമര്‍ശിക്കുന്നയാളാണ്. പക്ഷെ, എന്റെ ഉത്തരവാദിത്തബോധം ഇടതിനോടോ വലതിനോടോ ഉള്ള കക്ഷിരാഷ്ട്രീയ ബാധ്യതയല്ല. അത് മനുഷ്യരോടുള്ള മറ്റൊരു മനുഷ്യന്റെ പ്രാഥമികബാധ്യതയാണ്. ചുരുക്കത്തില്‍ സാമൂഹികബോധം ഏതെങ്കിലും ഐഡിയോളജിയുടെ കുത്തകയാണെന്ന വിശ്വാസമില്ല.
കേരളം ഒറ്റക്കെട്ടായി ഇതിനെ നേരിടുന്നത് ഇങ്ങനെയുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ നിശബ്ദമായ ഈ സാമൂഹികബോധം കൊണ്ട് കൂടിയാണ്. ആ സമൂഹമിവിടെ ഉള്ളത് കൊണ്ടാണ് കേരളം അതിന്റെ ജനാധിപത്യത്തെ ഒരു കക്ഷിക്ക് മാത്രമായി തീറെഴുതി കൊടുക്കാത്തതും. ആ ജനാധിപത്യബോധത്തിന്റെ പേര് കൂടിയാണ് കേരളമാതൃക.
പ്രാഥമികമായി നവോത്ഥാനം, ഏതെങ്കിലും ഒരു കക്ഷിക്ക് സ്ഥിരമായി ഭരണം നല്‍കി “ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് ” ആവാതിരിക്കാനുള്ള നമ്മുടെ ജനതയുടെ ജനാധിപത്യജാഗ്രത, സാക്ഷരത, അതിലൂടെ കൈവന്ന മാധ്യമസ്വീകാര്യത ( കേരള സംസ്ഥാനത്തിന്റെ ഇരട്ടിയിലേറെ പ്രായമുണ്ട് നിലവിലെ പ്രമുഖ മലയാള പത്രങ്ങൾക്ക് എന്നോർക്കുക ) സര്‍ക്കാരുകളോട് പ്രതിപക്ഷസമീപനം പുലര്‍ത്തുന്ന മാധ്യമശൈലി, സാക്ഷരതയിലൂടെ ആര്‍ജ്ജിച്ച സാഹിത്യം, കല, സമൂഹം, സംസ്‌ക്കാരം, രാഷ്ട്രീയം എന്നിവയിലെ ഉയര്‍ന്ന കാഴ്ചപ്പാടുകളും അത് സൃഷ്ടിച്ച സജീവസംവാദങ്ങളും, ( സ്വാതന്ത്ര്യലബ്ധി മുതലുള്ള കണക്കുകൾ എടുത്താൽ പോലും കേരളം വിദ്യാഭ്യാസ മേഖലയിൽ ദേശീയ ശരാശരിയേക്കാൾ മുന്നിലാണ് ) ഇതിനെല്ലാം മുകളില്‍ ലോകത്തെ ഉൾക്കൊള്ളാനും പുന:പ്രകാശിപ്പിക്കാനുമുള്ള ഉന്നതമായ ശേഷി- ഇതൊക്കക്കൂടിച്ചേര്‍ന്നാണ് കേരളമാതൃക സൃഷ്ടിച്ചത്.
അതായത് കേരളം തനതായി വളരെയൊന്നും ഉത്പാദിപ്പിച്ചിട്ടില്ല, ഒരു കാലത്തും. പക്ഷെ അത് ലോകത്തെ മുഴുവന്‍ നേട്ടങ്ങളെയും തുറന്ന് സ്വീകരിക്കാനും അതില്‍ നിന്ന് ഫലവത്തായൊരു കേരളാപ്പതിപ്പ് സൃഷ്ടിക്കാനും എന്നും സന്നദ്ധമായിരുന്നു താനും. മാര്‍ക്‌സിസം യൂറോപ്പില്‍ നിന്ന് നമ്മളെത്തേടി എത്തിയതാണ്. പക്ഷെ, കേരളം അതിനൊരു തനത് മാതൃക ഉണ്ടാക്കി- ലോകത്തിൽ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ആദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുത്തു. കമ്മ്യൂണിസത്തിന്റെ ക്ലാസിക്കൽ പ്രയോഗ മാതൃകയൊന്നും മലയാളിക്ക് ഒരു പ്രശ്നമായില്ല. ഇത്തരത്തിലുള്ള അനുപമ സമീപനമാണ് പ്രവാസത്തോടും കേരള ജനത പുലർത്തിയത്.
പ്രവാസികള്‍ കേരളമാതൃകയുടെ സാമ്പത്തികമായ നട്ടെല്ലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. റഷ്യയിലേക്കും ചൈനയിലേക്കുമല്ല, ഗള്‍ഫിലേക്കും, യൂറോപ്പിലേക്കും, കാനഡയിലേക്കും അമേരിക്കയിലേക്കുമാണ് നവകേരളം സൃഷ്ടിച്ച പ്രവാസികള്‍ ഒഴുകി നിറഞ്ഞത് എന്നും അറിയാമല്ലോ. കാശ് ഇല്ലെങ്കില്‍ ഭാവന ഒരു വേദനയും കാശുണ്ടെങ്കില്‍ അതൊരു സാധ്യതയുമാണ്.
ചുരുക്കത്തില്‍ കേരളത്തിന്റെ ജനാധിപത്യത്തിന്റെ, സ്വതന്ത്രചിന്തയുടെ, മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള സന്നദ്ധതയുടെ, അക്ഷരസിദ്ധിയുടെ ഒക്കെ സ്വാഭാവികപരിണിതിയാണ് കേരളമാതൃക. അത് ഏതെങ്കിലുമൊരു മുന്നണിക്കോ വ്യക്തിക്കോ മാത്രമായി ഹൈജാക്ക് ചെയ്ത് കൊണ്ടുപോവാനുള്ളതല്ല.
(കഥാകൃത്തും സ്വതന്ത്രമാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)