ഭീകരവാദികള്‍ പോലും ചെയ്യാത്ത തരത്തിലുള്ള മര്‍ദ്ദനമാണ് കിളികൊല്ലൂരില്‍ സൈനികനായ വിഷ്ണുവിന് നേരെ പൊലീസ് നടത്തിയതെന്ന് കരസേന റിട്ടയേര്‍ഡ് കേണല്‍ എസ് ഡിന്നി. വെറും ഈഗോയുടെ പേരില്‍ മൃഗീയമായി ആക്രമിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ചില ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും കേണല്‍ പറഞ്ഞു.
പൊലീസുകാരനാണ് ആദ്യം വിഷ്ണുവിനെ അടിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു കുറ്റവും ചെയ്യാത്തയാളെ, ഷര്‍ട്ടില്‍ പിടിച്ച് വലിച്ചുകൊണ്ടാണ് അകത്തേക്ക് കൊണ്ടുവരുന്നത്. ഇങ്ങനെ ചെയ്താല്‍ ആരായാലും പ്രതികരിച്ച് പോകുമെന്നും കേണല്‍ ഡിന്നി പറഞ്ഞു.
സംഭവത്തില്‍ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൊലീസില്‍ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്.
വിഷ്ണുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി അമ്മ സലീല പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നല്‍കും. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ഉടനെ സമീപ റെജിമെന്റില്‍ അറിയിക്കണമെന്ന നിയമം പാലിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്.