'ഗവർണർ കൊടുത്ത ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളുമുണ്ട്, മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൊടുക്കുന്ന ലിസ്റ്റിൽ മാർക്‌സിസ്റ്റുകാർ മാത്രമേയുള്ളൂ'; ഗവർണറെ ന്യായീകരിച്ച് എംഎം ഹസൻ

കാലിക്കറ്റ് സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണറെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഗവർണർ കൊടുത്ത ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എംഎം ഹസൻ പറഞ്ഞു. ഗവർണർ എല്ലാവരെയും നോമിനേറ്റ് ചെയ്യുന്നുവെന്നും സിപിഐഎം മാർക്‌സിസ്റ്റുകാര മാത്രമേ നോമിനേറ്റ് ചെയ്യുന്നുള്ളൂവെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി. രണ്ടു പക്ഷവും പിടിക്കാൻ ഇല്ലെന്നും എംഎം ഹസൻ വ്യക്തമാക്കി.

‘മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൊടുക്കുന്ന ലിസ്റ്റിൽ മാർക്‌സിസ്റ്റുകാർ മാത്രമേയുള്ളൂ. ഗവർണർക്ക് ഗവർണറുടെ വിവേചന അധികാരം ഉപയോഗിക്കാം. നമുക്ക് അതിനോട് യോജിക്കാം വിയോജിക്കാം. ഗവർണറുടെ അധികാരമാണത്. അത്തരമൊരു നിയമനമായിരുന്നു വൈസ് ചാൻസലറുടെ കാര്യത്തിലും ഗവർണർ നടത്തേണ്ടിയിരുന്നത്’- എംഎം ഹസൻ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല സെനറ്റിൽ 18 പേരാണുള്ളത്. ഇതിൽ ഒൻപത് പേർ ബിജെപി പ്രതിനിധികളാണ്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് സെനറ്റിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകുന്നത്. സർവകലാശാല സിൻഡിക്കേറ്റിലേക്ക് ബിജെപി അംഗത്തെ കൊണ്ടുവരാനാണ് ഒൻപത് ബിജെപി സെനറ്റ് അംഗങ്ങളെ ചാൻസലർ കൂടിയായ ഗവർണർ നോമിനേറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം.