കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് വാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. തൊടുപുഴ കോളപ്ര ചക്കുളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങരവീട്ടില്‍ അനന്ദു കൃഷ്ണനെയാണ് (26) മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തത്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ ബ്ലോക്കിനുകീഴില്‍ സൊസൈറ്റിയുണ്ടാക്കിയായിരുന്നു 9 കോടിയോളം രൂപയുടെ ആദ്യതട്ടിപ്പ്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികള്‍ ഉണ്ടാക്കി പണപ്പിരിവ് നടത്തിയിട്ടുണ്ട്. ഇടുക്കി കേന്ദ്രീകരിച്ച് മാത്രം 20 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പ്രമുഖ കമ്പനികളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നുളള ധനസഹായം, ഗൃഹോപകരണങ്ങള്‍ തൊട്ട് ഇരുചക്ര വാഹനങ്ങള്‍ വരെ പകുതി വിലയ്ക്ക്- ഇതാണ് അനന്തുവിന്റെ തട്ടിപ്പ് രീതി. പകുതി തുക മുന്‍കൂറായി അടച്ച് കാത്തിരിക്കണം. ഊഴമെത്തുമ്പോള്‍ സാധനങ്ങള്‍ കിട്ടുമെന്നാണ് വാഗ്ദാനം.
2022 മുതല്‍ ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ എന്നിവക്ക് 50% ഇളവില്‍ നല്‍കും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയുള്‍പ്പെടെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മാത്രം ഇത്തരത്തില്‍ പത്ത് കോടി തട്ടിയെന്നാണ് കണ്ടെത്തല്‍. നേരത്തെ സമാന രീതിയിലുളള തട്ടിപ്പിന് അനന്തുവിനെതിരെ അടിമാലി പൊലീസ് കേസെടുത്തിരുന്നു.
ഇയാള്‍ സ്വന്തം പേരില്‍ വിവിധ കണ്‍സല്‍ട്ടന്‍സികള്‍ ഉണ്ടാക്കിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. ഇടുക്കിയില്‍ വളം ഉള്‍പ്പെടെ പകുതിവിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് കര്‍ഷകരെയും ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
തട്ടിപ്പ് ആരംഭിച്ച് ആദ്യഘട്ടത്തില്‍ ബുക്കുചെയ്തവര്‍ക്ക് വാഹനം നല്‍കാനും പിന്നീട് ആര്‍ഭാടജീവിതത്തിനും സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുന്നതിനുമാണ് ഇയാള്‍ പിരിച്ചെടുത്ത പണം ഉപയോഗിച്ചത്. നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആണ് എന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. ഇത് വരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചു.
സിഎസ്ആര്‍ ഫണ്ടില്‍ ഒരു കമ്പനിയും ഇത്തരത്തില്‍ വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് എറണാകുളം റൂറല്‍ എസ് പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് വരെ ഒരു കമ്പനിയില്‍ നിന്നും സി.എസ്.ആര്‍ ഫണ്ട് കിട്ടിയിട്ടില്ലെന്ന് പ്രതി സമ്മതിച്ചായി പൊലീസ് വ്യക്തമാക്കി. വിശ്വാസം നേടിയെടുക്കാന്‍ ആദ്യ ഘട്ടത്തില്‍ ബുക്ക് ചെയ്ത ചിലര്‍ക്ക് ഇരുചക്ര വാഹനവും ലാപ്‌ടോപ്പുമൊക്കെ നല്‍കി. തുടര്‍ന്നായിരുന്നു വിപുലമായ തട്ടിപ്പ് മധ്യകേരളം കേന്ദ്രീകരിച്ച് നടത്തിയത്.
Read more
എറണാകുളം കച്ചേരിപ്പടിയില്‍ മറ്റൊരു തട്ടിപ്പിനായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മൂവാറ്റുപുഴ പൊലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പി.സി. ജയകുമാര്‍, ബിനോ ഭാര്‍ഗവന്‍, സീനിയര്‍ സി.പി.ഒമാരായ സി.കെ. മീരാന്‍ സി.കെ. ബിബില്‍ മോഹന്‍, കെ.എ. അനസ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.