നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ചതിയിലൂടെ കേരള പൊലീസ് വെടിവച്ച് കൊന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയന്‍ സര്‍ക്കാരിനാണെന്നും, അതിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്നും ഗ്രോ വാസു കോഴിക്കോട് കുന്നമംഗലം കോടതിയില്‍ നടന്ന വിചാരണയില്‍ പറഞ്ഞു.
വിചാരണയ്ക്കിടെ കോടതി ഇരുന്ന് സംസാരിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ ഔദാര്യം വേണ്ടെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. ഔദാര്യമല്ലെന്നും പ്രായമായവര്‍ക്ക് ഇരിപ്പിടം നല്‍കാറുണ്ടെന്നും കോടതി ഗ്രോ വാസുവിന് മറുപടി നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണയ്ക്ക് ഹാജരാകാമെന്ന കോടതിയുടെ നിര്‍ദ്ദേശവും ഗ്രോവാസു തള്ളി. നേരിട്ട് വരാമെന്ന് ഗ്രോ വാസു കോടതിയെ അറിയിക്കുകയായിരുന്നു. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.
നിലമ്പൂരില്‍ 2016ല്‍ മാവോയിസ്റ്റുകള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ച കേസിലാണ് വിചാരണ നടക്കുന്നത്. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാല്‍ ഒരു മാസത്തിലേറെയായി ഗ്രോവാസു ജയിലില്‍ വിചാരണ തടവില്‍ തുടരുകയാണ്. കേരളത്തിലെ ആദ്യകാല നക്സല്‍ പ്രവര്‍ത്തകരില്‍ ഒരാളായ ഗ്രോ വാസുവിന് ഇപ്പോള്‍ 94 വയസ്സാണ്.