കേരള ഹൗസിലെ കൂടിക്കാഴ്ച അവസാനിച്ചു; പ്രഭാത ഭക്ഷണം കഴിച്ച് നിര്‍മ്മലാ സീതാരാമന്‍ മടങ്ങി

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ഡല്‍ഹി കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാവിലെ 9ന് ആയിരുന്നു കേരള ഹൗസില്‍ കൂടിക്കാഴ്ച.

കേന്ദ്ര മന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച്ച രാവിലെ കേരള ഹൗസില്‍ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും കെവി തോമസും ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.

ചര്‍ച്ച 50 മിനിട്ടോളം നീണ്ടുനിന്നു. സാമ്പത്തിക പ്രതിസന്ധി, വയനാട്, വായ്പ, വിഴിഞ്ഞം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. അതേസമയം ആശാവര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ച ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.