എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും യുവതീയുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി.
ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽ.ജി.എസ്.) റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.
സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമാണെന്നും കേന്ദ്രസർക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാൻ അവകാശമുള്ളതെന്നും ഹൈക്കോടതി പറഞ്ഞു.
പഠിച്ചവർക്കും ആടിനെ വളർത്താമെന്നും പക്ഷേ നമ്മൾ ആരും അതിന് തയ്യാറാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. എൽ.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടി നൽകണമെന്ന ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി) ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സിയുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടമാകുമെന്നാണ് പി.എസ്.സി പറഞ്ഞത്.
ഓഗസ്റ്റ് നാലിന് റദ്ദാകുന്ന എൽ.ജി.എസ്. റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടണമെന്നായിരുന്നു കെ.എ.ടി. ഉത്തരവ്.