മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും; സംരംഭകവര്‍ഷം പദ്ധതിപ്രകാരം കേരളത്തില്‍ 2.75 ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി

മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ്. അതിനാല്‍ ഭക്ഷ്യസംസ്‌കരണ- സാങ്കേതികമേഖലയില്‍ എംഎസ്എംഇകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്. സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ട 2500 യൂണിറ്റുകള്‍ക്കപ്പുറം സംസ്ഥാനത്ത് 2548 യൂണിറ്റുകള്‍ ആരംഭിച്ചു.

ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായമെന്നതാണ് സര്‍ക്കാരിന്റെ നയം. സംരംഭകരുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന രീതിയിലേക്ക് വ്യവസായവകുപ്പിനെ സര്‍ക്കാര്‍ മാറ്റിയെടുത്തു.

Read more

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളും ചട്ടഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്. സംരംഭങ്ങള്‍ക്ക് ഏതു കമ്പനിയില്‍നിന്നും ഇന്‍ഷുറന്‍സ് എടുക്കാവുന്നതരത്തില്‍ എംഎസ്എംഇ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി. പ്രീമിയത്തിന്റെ പകുതി സര്‍ക്കാര്‍ നല്‍കും. സംരംഭകവര്‍ഷം പദ്ധതിപ്രകാരം സംസ്ഥാനത്ത് 2.75 ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും അദേഹം പറഞ്ഞു.