മോദി സർക്കാർ ദുരഭിമാനവും ധാർഷ്ട്യവും ഗൂഢ അജൻഡയും ഉപേക്ഷിച്ചിട്ടില്ല; കർഷകർ സമരവും: എ വിജയരാഘവൻ

കർഷകരുമായി സംസാരിക്കാൻ പ്രധാനമന്ത്രി മോദി ഇനിയും വിസമ്മതിക്കുന്നതിന് അടിസ്ഥാനപരമായ കാരണം കോർപറേറ്റുകളുടെ അധിനിവേശത്തിന് വഴിയൊരുക്കുന്ന അജൻഡ ഉപേക്ഷിക്കാൻ സർക്കാർ ഒരുക്കമല്ല എന്നതാണെന്ന് സി.പി.എം നേതാവ് എ വിജയരാഘവൻ. പിൻവലിക്കുന്ന നിയമങ്ങൾ വേറെ രൂപത്തിൽ വന്നേക്കാം. ഇക്കാര്യം ബോധ്യമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ടപാടെ സമരം നിർത്തിപ്പോകാൻ കർഷകർ തയ്യാറാകാതിരുന്നതെന്നും എ വിജയരാഘവൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മോദി രാജ്യത്തോട് മാപ്പ് ചോദിച്ചത് മുഖവിലയ്ക്കെടുക്കാനാകില്ല. മാപ്പ് പറച്ചിലിനെ മോദിയുടെ സഹജമായ കാപട്യത്തിന്റെ ഭാഗമായി കണ്ടാൽ മതി. ഇത്തരം മാപ്പ് അദ്ദേഹം മുമ്പും തട്ടിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ അടച്ചിടൽ പ്രഖ്യാപിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടശേഷമായിരുന്നു ഇതിന് മുമ്പത്തെ മാപ്പപേക്ഷ എന്നും എ വിജയരാഘവൻ പറഞ്ഞു.

എ വിജയരാഘവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഇന്ത്യൻ കർഷകരുടെ മഹാപ്രക്ഷോഭത്തിന് കാരണമായ മൂന്ന്‌ നിയമം പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ച് രാജ്യത്തോട് മാപ്പുപറഞ്ഞ പ്രധാനമന്ത്രി മോദി, എന്തുകൊണ്ടാണ് സമരം ചെയ്യുന്ന കർഷക സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാകാതിരുന്നത്? മോദിക്ക് തെല്ലെങ്കിലും പശ്ചാത്താപമുണ്ടായിരുന്നെങ്കിൽ പിൻവലിക്കൽ പ്രഖ്യാപനത്തിനുമുമ്പ് കർഷക നേതാക്കളെ വിളിച്ച് സംസാരിക്കാൻ തയ്യാറാകുമായിരുന്നു. നിയമം പിൻവലിക്കുമെന്ന പ്രഖ്യാപനത്തിനുശേഷവും സമരം തുടരുന്ന സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിൽ ഉന്നയിച്ച ആദ്യആവശ്യം ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ്. ഇതിൽനിന്ന് മനസ്സിലാകുന്നത്, പുതിയ കർഷക നിയമങ്ങളുടെ കാര്യത്തിൽ തുടക്കംമുതൽ പ്രകടിപ്പിച്ച ധാർഷ്ട്യം ഉപേക്ഷിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നാണ്. ഒരു വർഷമായി സമാധാനപരമായി സമരം ചെയ്യുന്ന കർഷകരുമായി സംസാരിക്കാൻ ഇനിയും അദ്ദേഹം വിസമ്മതിക്കുന്നതിന് അടിസ്ഥാനപരമായ കാരണം, കോർപറേറ്റുകളുടെ അധിനിവേശത്തിന് വഴിയൊരുക്കുന്ന അജൻഡ ഉപേക്ഷിക്കാൻ സർക്കാർ ഒരുക്കമല്ല എന്നതാണ്. പിൻവലിക്കുന്ന നിയമങ്ങൾ വേറെ രൂപത്തിൽ വന്നേക്കാം. ഇക്കാര്യം ബോധ്യമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ടപാടെ സമരം നിർത്തിപ്പോകാൻ കർഷകർ തയ്യാറാകാതിരുന്നത്.

കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളോടൊന്നും പ്രതികരിക്കാൻ നരേന്ദ്ര മോദിയോ കേന്ദ്ര ഗവൺമെന്റിന്റെ വക്താക്കളോ തയ്യാറായിട്ടില്ല. ഉൽപ്പാദനച്ചെലവ് കണക്കാക്കിയുള്ള താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്) രാജ്യത്തെ മുഴുവൻ കർഷകർക്കും ലഭിക്കുമെന്ന് ഉറപ്പാക്കുന്ന നിയമം വേണമെന്നതാണ് വിവാദ നിയമങ്ങൾ പിൻവലിക്കുക എന്നതിനോടൊപ്പം കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഈ മാസം 29ന് ആരംഭിക്കുകയാണ്. കോർപറേറ്റ് അനുകൂല നിയമങ്ങൾ റദ്ദാക്കുന്ന സമ്മേളനത്തിൽ തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് കർഷക സംഘടനകൾ. ചുരുക്കത്തിൽ, മോദി സർക്കാർ ദുരഭിമാനവും ധാർഷ്ട്യവും ഗൂഢ അജൻഡയും ഉപേക്ഷിച്ചിട്ടില്ല; കർഷകർ സമരവും.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മോദി രാജ്യത്തോട് മാപ്പ് ചോദിച്ചത് മുഖവിലയ്ക്കെടുക്കാനാകില്ല. ഈ മാപ്പും മോദിയുടെ സഹജമായ കാപട്യത്തിന്റെ ഭാഗമായി കണ്ടാൽ മതി. ഇത്തരം മാപ്പ് അദ്ദേഹം മുമ്പും തട്ടിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ അടച്ചിടൽ പ്രഖ്യാപിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടശേഷമായിരുന്നു ഇതിന് മുമ്പത്തെ മാപ്പപേക്ഷ.

പ്രക്ഷോഭത്തിനു മുമ്പിൽ മുട്ടുമടക്കി നിയമങ്ങൾ പിൻവലിക്കാൻ മോദി ഭരണം തയ്യാറാകുമ്പോൾ ലഭിക്കുന്ന ചില ശുഭസൂചനകളുണ്ട്. ഒന്നാമത്, ഹിന്ദുത്വ –കോർപറേറ്റ് അജൻഡയനുസരിച്ച് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ബിജെപിക്ക് കഴിയില്ല എന്നതുതന്നെയാണ്. ആർഎസ്എസ് അജൻഡയെയും കോർപറേറ്റ് അധിനിവേശത്തെയും പ്രതിരോധിക്കാനും പരാജയപ്പെടുത്താനും ഇന്ത്യയിലെ ജനാധിപത്യ–മതനിരപേക്ഷ ശക്തികൾക്കും കർഷക–തൊഴിലാളി പ്രസ്ഥാനങ്ങൾക്കും കരുത്തുണ്ടെന്ന് കർഷകപ്രക്ഷോഭം തെളിയിച്ചു.

ഇടതുപക്ഷത്തിന് ഇന്ത്യയിൽ എന്തു പ്രസക്തിയെന്ന് ചോദിക്കുന്നവർക്കുള്ള മറുപടികൂടി കർഷകരുടെ സമരത്തിലുണ്ട്. അഞ്ഞൂറിലേറെ സംഘടനയാണ് സമരം നയിച്ച എസ്‌കെഎമ്മിലുള്ളത്. ഈ സംഘടനകളെ കൂട്ടിയോജിപ്പിക്കുന്നതിലും സമരം രാജ്യവ്യാപകമാക്കുന്നതിലും അഖിലേന്ത്യാ കിസാൻ സഭ വഹിച്ച പങ്ക് വിലപ്പെട്ടതും നിർണായകവുമാണ്. സമര മുന്നണിയിലുണ്ടായിരുന്ന മറ്റു സംഘടനകൾക്ക് ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രമാണ് സാന്നിധ്യമുള്ളത്. രാജ്യമാകെ സ്വാധീനമുള്ള കിസാൻ സഭയുടെ പങ്ക് സമരത്തിന്റെ സ്വഭാവംതന്നെ മാറ്റി. അഖിലേന്ത്യ കിസാൻ സഭ പ്രക്ഷോഭത്തിന്റെ മുന്നണിയിലായിരുന്നുവെങ്കിൽ, ഇടതുപക്ഷ പാർടികൾ സമരത്തിന് സജീവമായ പിന്തുണ നൽകി. ഈ സമരത്തിന്റെ ഭാഗമായി തൊഴിലാളി–കർഷക ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കാൻ കഴിഞ്ഞെന്നതിൽ സിപിഐ എമ്മിന് അഭിമാനമുണ്ട്. മൂന്ന്‌ ഭാരത്‌ ബന്ദാണ് സംഘടിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും വിപുലവും ശക്തവുമായ തൊഴിലാളി–കർഷക ഐക്യം മുമ്പുണ്ടായിട്ടില്ല.

ബ്രിട്ടീഷുകാർക്കെതിരായ ദേശീയ പ്രക്ഷോഭത്തിലെന്നപോലെ വിവിധ ജാതി–മതസ്ഥരെ ഒരുപോലെ സമരത്തിന്റെ ഭാഗമാക്കാൻ നേതൃത്വം ശ്രദ്ധിച്ചത് സമരം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക് വലിയ തിരിച്ചടിയായി. 2013ൽ ഭീതിദമായ വർഗീയലഹള നടന്ന മുസഫർനഗറിൽ (യുപി) 2021 സെപ്തംബർ ആദ്യം എസ്‌കെഎം സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്ത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഹിന്ദു–മുസ്ലിം മൈത്രിയുടെ സന്ദേശം ഉയർത്തിയാണ് നേതാക്കൾ കർഷകരുടെ പ്രശ്നങ്ങൾ വിശദീകരിച്ചത്.

ബിജെപിക്ക് ബദലാകാൻ ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന് കർഷക സമരത്തിൽ ഒരു പങ്കും വഹിക്കാൻ കഴിഞ്ഞിട്ടില്ലെന്നുകൂടി കാണേണ്ടതുണ്ട്. സമരത്തിൽ കർഷകരെ അണിനിരത്തുന്നതിൽ കോൺഗ്രസിന് ഒരു പങ്കും ഉണ്ടായിരുന്നില്ല. അതിന് രാഷ്ട്രീയമായ കാരണമുണ്ട്. 1991ൽ നരസിംഹറാവുവും മൻമോഹൻ സിങ്ങും കൊണ്ടുവന്ന ഉദാരവൽക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമാണ് കൃഷിക്ക് സർക്കാർ നൽകിവരുന്ന പിന്തുണ ഇല്ലാതാക്കുകയെന്നത്. കാർഷിക പരിഷ്കരണം നടന്നില്ലെങ്കിലും സബ്സിഡി, ബാങ്ക് വായ്പ, വിപണനത്തിനുള്ള സഹായം, ഗവേഷണം, ഗവേഷണഫലങ്ങൾ കൃഷി ഭൂമിയിലെത്തിക്കൽ എന്നിവയിലൂടെ രാജ്യത്ത് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാൻ കഴിഞ്ഞിരുന്നു. ഈ പിന്തുണാസംവിധാനം തകർത്താണ് സ്വകാര്യ കാർഷിക വിപണികളും ഊഹക്കച്ചവടവും കരാർ കൃഷിയും കൊണ്ടുവരുന്നതിന് സാമ്പത്തിക ഉദാരവൽക്കരണം ലക്ഷ്യമിട്ടത്. കാർഷികോൽപ്പന്ന വിപണനത്തിൽ ഉൽപ്പാദകർക്കുകൂടി പങ്കുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) ഇല്ലാതാക്കുമെന്ന് 2019ലെ പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

കയറ്റുമതിക്കും അന്തർസംസ്ഥാന വ്യാപാരത്തിനുമുള്ള തടസ്സം നീക്കാൻ എപിഎംസി നിയമം റദ്ദാക്കുമെന്നായിരുന്നു വാഗ്ദാനം.
കോവിഡ് മഹാമാരി ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും സർക്കാരുകളെ പ്രതിസന്ധിയിലാക്കുകയും ചെയ്ത വേളയിൽ കോർപറേറ്റ് അജൻഡകൾ നടപ്പാക്കാനുള്ള ശ്രമം ലോകത്തിന്റെ പല ഭാഗത്തുമുണ്ടായിട്ടുണ്ട്. എതിർപ്പിനിടയാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ വാണിജ്യമേഖലയിൽ നിന്നുണ്ടായ പ്രതികരണം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിൽ കോർപറേറ്റ് നിക്ഷേപം കുറയുമെന്നായിരുന്നു ഭീഷണി. ഈ നിയമങ്ങൾ ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കുന്ന പ്രതികരണം. ഇന്ത്യയിൽ മികച്ച ജലസേചന സൗകര്യമുള്ള പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി തുടങ്ങിയ മേഖലകളിൽ തുടങ്ങി ഫലപുഷ്ടിയുള്ള മറ്റിടങ്ങളിലെ കൃഷിയിടങ്ങളിലേക്കാണ് കോർപറേറ്റ് കണ്ണ്. എന്നാൽ, കർഷകലക്ഷങ്ങൾ ഉണർന്നെണീറ്റ് നടത്തിയ ജീവൻമരണ പോരാട്ടം കോർപറേറ്റുകൾക്കുവേണ്ടി മോദി സർക്കാർ നടത്തിയ നീക്കങ്ങൾക്ക് തടയിട്ടു.

ബിജെപിയുടെ ഹിന്ദുത്വ അജൻഡയ്‌ക്കും സാമ്പത്തിക ഉദാരവൽക്കരണത്തിനും എതിരെ ഇടതുപക്ഷ–ജനാധിപത്യ ബദൽ ഉയർന്നുവരണമെന്നതാണ് സിപിഐ എമ്മിന്റെ കാഴ്ചപ്പാട്. അടിച്ചമർത്തലിനും ചൂഷണത്തിനും ഇരയാകുന്ന എല്ലാ ജനവിഭാഗത്തെയും ഒന്നിച്ച് അണിനിരത്തി മാത്രമേ ഈ ബദൽ സാധ്യമാകൂ. തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉയർത്തിയുള്ള സമരങ്ങളും പ്രസ്ഥാനങ്ങളുമാണ് ഇടതുപക്ഷ–ജനാധിപത്യ ബദലിലേക്കുള്ള മാർഗം. അതാണ് തൊഴിലാളിവർഗം പിന്തുണയ്ക്കുകയും കർഷകർ ഒന്നിച്ചുനിൽക്കുകയും ചെയ്ത കർഷക പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ പ്രാധാന്യം. ഇടതുപക്ഷ–ജനാധിപത്യ ബദൽ എന്നാൽ തെരഞ്ഞെടുപ്പു സഖ്യമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.

ജീവിതോപാധി സംരക്ഷിക്കാൻ വിവിധ വിഭാഗം ജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തിന് കർഷകസമരം വലിയ ഊർജമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ധനവില വർധിപ്പിച്ചുകൊണ്ട് മോദി സർക്കാർ നടത്തുന്ന കൊള്ളയുടെ ഫലമായി അവശ്യസാധനവില ഉയരുകയാണ്. സാമ്പത്തികവളർച്ചയിലെ ഇടിവ് വ്യവസായ–വാണിജ്യ മേഖലകളെ തളർത്തി. തൊഴിലില്ലായ്മ വലിയതോതിൽ വർധിക്കുന്നു. ലോക വ്യാപാര സംഘടനയുടെ സമ്മർദത്തിന്റെകൂടി ഫലമായി നടപ്പാക്കുന്ന നയങ്ങൾ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കർഷകരെ കടക്കെണിയിലാക്കിയിരിക്കുകയാണ്. പ്രതിദിനം 52 കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നത്. കൃഷിക്കാർ നേരിടുന്ന ഗുരുതരമായ പ്രശ്നം അവരുടെ ഉൽപ്പന്നങ്ങൾക്ക് വില കിട്ടാത്തതാണ്. ഈ സാഹചര്യത്തിൽ ജീവിതപ്രശ്നങ്ങളെ ആസ്പദമാക്കി അധ്വാനിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭം രാജ്യമാകെ വളർന്നുവരും. ഇടതുപക്ഷം അതിന്റെ മുന്നണിയിലുണ്ടാകും.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?