പാലക്കാട് മണ്ണാര്‍ക്കാട് പനയമ്പാടത്തെ അപകടത്തില്‍ കാരണം വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. മറ്റൊരു ലോറിയാണ് അപകടത്തിന് കാരണമായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വിദ്യാര്‍ത്ഥികളെ ഇടിച്ച ലോറി മറ്റൊരു ലോറിയില്‍ തട്ടിയ ശേഷം നിയന്ത്രണം വിട്ട് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം.
മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ സിമന്റ് കയറ്റിവന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായും മോട്ടോര്‍ വാഹന വകുപ്പ് കൂട്ടിച്ചേര്‍ത്തു. ദൃക്‌സാക്ഷികളും സമാന മൊഴിയാണ് നല്‍കുന്നത്. സൈഡ് കൊടുത്തപ്പോള്‍ ഇടിച്ചതാണോയെന്ന കാര്യത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
പൊലീസ് അന്വേഷണത്തിലാണ് മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതായി കണ്ടെത്തിയത്. സിമന്റ് കയറ്റിവന്ന ലോറിയിലെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അപകടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് കുട്ടികളാണ് മരിച്ചത്. ലോറിയുടെ ഡ്രൈവറും ക്ലീനറും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി.
ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും.