സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. സംസ്ഥാനം ലഹരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും 267 മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍നീക്കം അങ്ങേയറ്റം ആപല്‍ക്കരമാണ്. നാടിനെ സര്‍വ്വത്ര നാശത്തിലേയ്ക്ക് നയിക്കുന്ന മദ്യനയം ജനനന്മയെ മുന്‍നിര്‍ത്തി പൊളിച്ചെഴുതണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായി സുധീരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം സംസ്ഥാനം ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. 2016-ല്‍ പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത് 859 ആയി വര്‍ദ്ധിച്ചിരിക്കയാണ്.
സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്റെ മുന്തിയ മുന്‍ഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂര്‍ണ്ണമായി മദ്യവല്‍ക്കരിക്കപ്പെടാനുള്ള സര്‍ക്കാര്‍ നടപടികളെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മദ്യക്കച്ചവടവും മദ്യ ഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ് സര്‍ക്കാര്‍ നടപടികള്‍ എന്ന് സുധീരന്‍ ആരോപിച്ചു.