ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം

തിരുവനന്തപുരം ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ദുരൂഹത മാറുന്നില്ല. ഹരികുമാറും (24) ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിൻറെ മൊഴി. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും ഇവർ വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചിരുന്നു.

ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയാരുന്നു ഹരികുമാർ. ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകൾ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏർപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോൾ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നൽകിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു. സുഹൃത്തായ കരിക്കകം സ്വദേശി 30 ലക്ഷം തട്ടിയെടുത്തുവെന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. വീട് വാങ്ങാൻ കൈമാറിയ പണമാണ് തട്ടിയെടുത്തതെന്നാണ് മൊഴി. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഹരികുമാർ ജോലിക്കൊന്നും പോയിരുന്നില്ല. നാട്ടുകാർക്കും ഹരികുമാറിനെക്കുറിച്ച് കാര്യമായി അറിയില്ല. സഹോദരിയെ ഇഷ്ടമായിരുന്നു. എന്നാൽ കുട്ടികളെ ഇഷ്ടമല്ലാതിരുന്നതിന്റെ കാരണം തേടുകയാണ് പൊലീസ്.

ഏറെ നാളെയായി ശ്രീതുവും ഭർത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവർക്ക് എട്ട് വയസുള്ള മകൾ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിൻറെ പേരിൽ കുടുംബത്തിൽ തർക്കങ്ങളുണ്ടായിരുന്നു. വീട്ടിൽ കുരുക്കിട്ട നിലയിൽ കയറുകളും കണ്ടെത്തിയിരുന്നു. കുഞ്ഞിനെ കൊന്ന ശേഷം കൂട്ട ആത്മഹത്യക്കാണോ ശ്രമമെന്നായിരുന്നു സംശയമെങ്കിലും അത് പൊലീസ് തള്ളി. കിടപ്പുമുറിയിലെ കട്ടിൽ കത്തിച്ചും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമമുണ്ടായി. അമ്മയുടെ കുടുംബവീട്ടിൽ കുഞ്ഞിനെ സംസ്കരിച്ചു. അച്ഛൻ ശ്രീജിത്തിനെയും അമ്മൂമ്മയും ശ്രീകലയെയും സംസ്കാരചടങ്ങുകൾ പങ്കെടുക്കാൻ പൊലീസ് എത്തിച്ചിരുന്നു.

അതേസമയം, സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹരികുമാർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കുകയോ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യുന്നില്ല. നിങ്ങൾ അന്വേഷിച്ച് കണ്ടെത്തുവെന്നാണ് പൊലീസിനോട് ഹരികുമാറിന്റെ മറുപടി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.