മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ട് ബി.ജെ.പിക്ക് പോയതായി മുസ്ലീം ലീഗിന് സംശയം. യു.ഡി.എഫിന് ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകൾ ബി.ജെ.പിയിലേക്ക് മാറി കുത്തിയെന്ന വിലയിരുത്തലിലാണ് പാർട്ടി കേന്ദ്രങ്ങൾ എന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെതന്നെ പ്രവർത്തകർ ബി.ജെ.പിക്ക് വോട്ടുചെയ്തു എന്നാണ് സംശയിക്കുന്നത്.
കോൺഗ്രസിന് പൊതുവേ സ്വാധീനമുള്ള വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ എന്നീ പഞ്ചായത്തുകളിലാണ് ബി.ജെ.പിക്ക് അനുകൂലമായി വോട്ട് മറിച്ചതെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ളതും, ഭരണം നടത്തുന്നതുമായ എൻമകജെ പഞ്ചായത്തിൽ പക്ഷെ, യു.ഡി.എഫിനുതന്നെ വോട്ട് നൽകിയതായും ലീഗ് നേതൃത്വം കരുതുന്നു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15 വർഷമായി കോൺഗ്രസ് ഭരണം നടത്തിയിരുന്ന മീഞ്ച പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടതിനും ബ്ലോക്ക് പഞ്ചായത്തിൽ മുഴുവൻ അംഗങ്ങളെ നഷ്ടപ്പെടാൻ ഇടയാക്കിയതിനും വോർക്കാടി, പൈവളിഗെ എന്നിവിടങ്ങളിൽ സീറ്റ് നഷ്ടപ്പെടാൻ കാരണമായതിനും പിന്നിൽ ഇത്തവണത്തെ യു.ഡി.എഫ് സ്ഥാനാർഥിയാണെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു.