വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയ്ക്കും നാവിക സേനയ്ക്കും ഒപ്പം വ്യോമസേനയും കൈകോര്‍ക്കുന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നത് മുണ്ടക്കൈപ്പുഴ വേര്‍പിരിഞ്ഞ് രണ്ടായി ഒഴുകുന്നതാണ്. ഇവിടെ താത്കാലികമായി പാലം നിര്‍മ്മിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സൈന്യത്തിന്റെ നീക്കം.
330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മ്മിക്കാനാണ് സൈന്യത്തിന്റെ നീക്കം. ഇതോടൊപ്പം വ്യോമസേനയുടെ സഹായത്തോടെ ചെറുപാലങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ആലോചനയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്ത് നിന്ന് 2 കോളം കരസേന സംഘങ്ങളെ വയനാട്ടിലേക്ക് എത്തിക്കുന്നതും വ്യോമസേനയുടെ വിമാനത്തിലാണ്.
നേവിയുടെ 50 അംഗ സംഘം വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമാണ് വയനാട്ടിലെത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്.
കരസേനയുടെ 200 അംഗങ്ങള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. കരസേനയ്‌ക്കൊപ്പം നാവികസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ക്കുന്നതും ദുരന്തത്തിന്റെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്.
നിലവില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ മരണസംഖ്യ 84 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്ന കനത്ത മൂടല്‍മഞ്ഞും വെളിച്ചത്തിന്റെ കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.