കേരളത്തിലെ പുതിയ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.എം സുധീരൻ. ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നും കോൺഗ്രസിന് ഉചിതമല്ലാത്ത അനഭിലഷണീയ പ്രവർത്തന ശൈലിയും നടപടികളും ഉണ്ടായെന്നും സുധീരൻ വിമർശിച്ചു. കോൺഗ്രസിൻറെ നൻമയ്ക്ക് ഉപകരിക്കാത്ത രീതി തുടരുന്നതിനാലാണ് താൻ പ്രതികരിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
ഹൈക്കമാൻഡിനോട് ഇതെല്ലാം പറഞ്ഞ് കത്ത് അയച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. ഇതോടെയാണ് രാജിവെച്ചതെന്നും താരീഖ് അൻവറും കൂട്ടരും ചർച്ചക്ക് വന്നതിന് താൻ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ രീതി തിരുത്താനാവശ്യമായ നടപടി ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുത്. ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകും. തെറ്റ് തിരുത്തൽ നടപടി ഹൈക്കമാൻഡ് സ്വീകരിക്കണം. തന്റെ നിലപാടിൽ മാറ്റമില്ലെന്നും തുടർ നടപടി എങ്ങനെയാകുമെന്നും താൻ പറഞ്ഞ രീതിയിൽ പരിഹാരമുണ്ടാകുമോ എന്നും ഉറ്റ് നോക്കുകയാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.
Read more
എഐസിസിയിൽ നിന്നും രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുമുള്ള തന്റെ രാജികൾ നിലനിൽക്കുമെന്നും രാജി പിൻവലിക്കില്ലെന്നും സുധീരൻ വ്യക്തമാക്കി. കേരളത്തിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ കാത്തിരിക്കുകയാണ്. താൻ ഇന്നേവരെ ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല. എഐസിസി പദവിയും ആഗ്രഹിച്ചിട്ടില്ല. അതിന് വേണ്ടിയല്ല ഇപ്പോൾ പ്രതികരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിന് ഗുണകരമായ മാറ്റം ഹൈക്കമാൻഡിൽ നിന്നുണ്ടാകണമെന്നും സുധീരൻ ആവർത്തിച്ചു. പുനഃസംഘടനയിൽ ആരുടെയും പേര് നിർദ്ദേശിച്ചിട്ടില്ല. പട്ടിക പുറത്ത് വരുന്നത് വരെ ഒരു തരത്തിലുള്ള ചർച്ചയും നടന്നിട്ടില്ല. തന്നോട് ചർച്ച ചെയ്തില്ലെന്നും പട്ടിക കൈമാറിയാലും ചർച്ച നടത്താമായിരുന്നല്ലോ എന്നും സുധീരൻ പ്രതികരിച്ചു.