കോഴിക്കോട് നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പരാതി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എഎസ് സരിനെതിരെയാണ് നടപടി. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവത്തിലെടുത്തില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കൃത്യ നിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന് ഉത്തരമേഖല ഐജിയുടേതാണ് വകുപ്പുതല നടപടി. അതേസമയം സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കേസെടുക്കാന്‍ പൊലീസ് വിമുഖത കാണിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു കേസ്. കമ്മീഷന്‍ കോഴിക്കോട് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി.
കേസെടുക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹരിദാസന്‍ പറഞ്ഞു. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുല്‍ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസന്‍ ആരോപിച്ചു. രാഹുല്‍ നേരത്തെ രണ്ട് വിവാഹം ഉറപ്പിക്കുകയും പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം.
ഇക്കാര്യങ്ങള്‍ കൂടി പൊലീസ് പരിശോധിക്കണമെന്ന് പറഞ്ഞ ഹരിദാസന്‍ കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും പന്തീരങ്കാവ് പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പറഞ്ഞു. മോശം അനുഭവമാണ് പോലീസില്‍ നിന്ന് തനിക്കും മകള്‍ക്കും ഉണ്ടായതെന്നും ഹരിദാസന്‍ പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം കേസെടുത്തിട്ടുണ്ട്.
രാഹുലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതിന് പൊലീസിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് നടപടി. ഗാര്‍ഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റവുമാണ് രാഹുലിന് മേല്‍ ചുമത്തിയിരുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
രാഹുലിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ പന്തീരങ്കാവ് സ്വദേശിയായ രാഹുല്‍ കൊല്ലാനാണ് ശ്രമിച്ചതെന്ന് മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൊലവിളിച്ചുള്ള ക്രൂരമര്‍ദനം പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്‌തെന്നും വധശ്രമം നടന്നുവന്ന തന്റെ മൊഴി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും യുവതി പരാതി നല്‍കിയിരുന്നു.