മേശവലിപ്പില്‍ സ്വന്തം മരണവാര്‍ത്ത, മമ്മൂട്ടിയുടെ ഭാവങ്ങളിലൂടെ കടന്നുപോയത് എംടിയുടെ ജീവിതം; മരണം മലയാളത്തിന് തിരികെ നല്‍കിയ എഴുത്തുകാരന്‍; മദ്യപാനത്തിന്റെ നാളുകള്‍

ഒരിക്കല്‍ പിടിവിട്ട മരണം വീണ്ടും ഒരിക്കല്‍ കൂടി വരിഞ്ഞുമുറുകിയിരുന്നെങ്കിലെന്ന് രവിശങ്കര്‍ അപ്പോള്‍ ചിന്തിച്ചിട്ടുണ്ടാവും. തന്റേതായിരുന്ന എന്നാല്‍ ഇപ്പോള്‍ തന്റേതല്ലായി മാറിയ ആ മേശവലിപ്പ് രവിശങ്കര്‍ വീണ്ടും തുറക്കുമ്പോള്‍ മരണം വീണ്ടും അയാളെ നോക്കി പുഞ്ചിരിച്ചിട്ടുണ്ടാകാം. തന്റെ മരണവാര്‍ത്തയുടെ കുറിപ്പ് വായിക്കേണ്ടി വന്ന രവിശങ്കര്‍ കടന്നുപോയ നിമിഷങ്ങളിലൂടെ പ്രേക്ഷകനും കടന്നുപോയെങ്കിലും രവിശങ്കറിന്റെ സൃഷ്ടാവിന് ജീവിതത്തില്‍ നേരിടേണ്ടി വന്ന നിമിഷങ്ങളായിരുന്നു അത്.

1994 എംടിയുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം എന്ന ചിത്രത്തില്‍ രവിശങ്കറിനെ മരണം കൈയൊഴിഞ്ഞ പോലെ ജീവിതത്തില്‍ എഴുത്തുകാരനെയും ഒരിക്കല്‍ മരണം തിരിച്ചയച്ചിട്ടുണ്ട്. കരള്‍ രോഗത്തെ തുടര്‍ന്ന് എംടി മരണത്തെ മുഖാമുഖം കാണുമ്പോള്‍ മലയാളത്തിലെ പ്രഗത്ഭ മാധ്യമത്തില്‍ എംടിയുടെ മരണ വാര്‍ത്ത അച്ചടിക്കാന്‍ തയ്യാറായി കാത്തിരിക്കുകയായിരുന്നു.

എംടിയെ മലയാളത്തിന് തിരികെ നല്‍കി അന്ന് മരണം പടിയിറങ്ങുമ്പോഴേക്കും വാര്‍ത്ത എപ്പോഴും തുറക്കാവുന്ന മേശവലിപ്പിനുള്ളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. രോഗമുക്തനായി തിരികെ ഓഫീസിലെത്തി തന്റെ പഴയ ഇരിപ്പിടത്തിലെ മേശവലിപ്പ് തുറക്കുമ്പോള്‍ എംടിയുടെ കൈയില്‍ ആദ്യം തടഞ്ഞത് സ്വന്തം മരണ വാര്‍ത്തയായിരുന്നു.

ഇതുതന്നെയാണ് സുകൃതത്തിലെ രവിശങ്കറിലൂടെ മമ്മൂട്ടി പ്രിയ എഴുത്തുകാരന്‍ കടന്നുപോയ നിമിഷങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തിയതും.
എംടിയുടെ കരള്‍ രോഗത്തിന് കാരണമായത് മദ്യവുമായുള്ള വിട്ടുപിരിയാനാകാത്ത സൗഹൃദം മാത്രമായിരുന്നു. സൗഹൃദ സദസുകളില്‍ ചെറുപ്പത്തിന്റെ ആവേശത്തില്‍ തുടങ്ങിയ മദ്യവുമായുള്ള ബന്ധം എംടി 20 വര്‍ഷത്തോളം തുടര്‍ന്നു.

എംടിയുടെ മദ്യപാനം നിയന്ത്രണാതീതമായിരുന്നെന്ന് ഓര്‍ത്തെടുത്ത സാഹിത്യകാരില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞതിങ്ങനെയാണ്. ‘അക്കാലത്ത് ഞെട്ടിക്കുന്നതായിരുന്നു എം ടിയുടെ മദ്യപാനം. ജോലിയില്ലാത്ത ദിവസങ്ങളില്‍ അതിരാവിലെ തുടങ്ങി ഒരു കുപ്പി തീര്‍ക്കും.’ ഒടുവില്‍ മദ്യപാനം എംടിയെ മരണത്തിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചു.

ആശുപത്രി കിടക്കയില്‍ മരണം കാത്തുകിടന്ന ദിവസങ്ങള്‍. ഒടുവില്‍ മരണത്തോട് താത്കാലികമായി വിടപറഞ്ഞ് എംടി ആശുപത്രി വിടുമ്പോള്‍ മനസില്‍ ഉറപ്പിച്ചിരുന്നു ഇനി മദ്യം വേണ്ട. പിന്നീട് മദ്യം കൊണ്ട് തന്റെ സാഹിത്യത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് എംടി തുറന്നു പറഞ്ഞിട്ടുണ്ട്. മദ്യപിച്ച് ഒരു കത്തെഴുതാന്‍ പോലും തനിക്ക് സാധിച്ചിട്ടില്ലെന്നും ശാരീരികമായും മാനസികമായും മദ്യം തന്നെ തളര്‍ത്തിയെന്നും എംടി തുറന്ന് സമ്മതിച്ചിട്ടുണ്ട്.

എംടിയും മദ്യവുമായുള്ള അടുപ്പം ഗുണം ചെയ്ത ഒരു സിനിമ താരമുണ്ടെന്നതും മറ്റൊരു കൗതുകകരമായ കാര്യമാണ്. ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത ഒരു 23കാരന് എംടി ആദ്യമായി മദ്യം പകര്‍ന്നതിന്റെ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തത് ബാബു ആന്റണി ആയിരുന്നു. വൈശാലിയുടെ ലൊക്കേഷനില്‍ മഴയത്ത് തണുത്ത് വിറച്ച് ഡയലോഗ് പറയാകാതെ നിന്ന ബാബു ആന്റണിയ്ക്ക് ആരും കാണാതെ അര ഗ്ലാസോളം റം കൊടുത്തതും എംടി ആയിരുന്നു.

വിറയലോടെ ആ മദ്യം വാങ്ങി കുടിച്ച ശേഷം വിറയല്‍ ശമിച്ചെന്നും തുടര്‍ന്ന് താന്‍ കൃത്യമായി ഡയലോഗ് പറഞ്ഞ് സീന്‍ അവസാനിപ്പിച്ചതായും ബാബു ഓര്‍ത്തെടുക്കുന്നു.