കേരളത്തിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം. എട്ട് വര്‍ഷത്തിനുള്ളില്‍ ഈ വര്‍ദ്ധന ഉണ്ടാകുമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ എണ്ണം 2030 ഓടെ 60 ലക്ഷമായി ഉയരുമെന്നാണ് സൂചന.
2030 ഓടെ കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും. അതേസമയമാണ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ എണ്ണം 60 ലക്ഷംമായി കൂടുക. സംസ്ഥാനത്തെ മികച്ച ശമ്പളവും, സാമൂഹിക അന്തരീക്ഷവുമാണ് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നത്. ‘അതിഥി തൊഴിലാളികളും അസംഘടിത തൊഴില്‍ മേഖലയും നഗരവത്കരണവും’ എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
തൊഴില്‍ അവസരങ്ങള്‍ കൂടിയാല്‍ ഇതനുസരിച്ച് സംസ്ഥാനത്തേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. നിലവില്‍ കേരളത്തില്‍ കുടുംബവുമായി കഴിയുന്നത് 10.3 ലക്ഷത്തോളം അന്തര്‍ സംസ്ഥാനക്കാരാണ്. ഇത് 2025 ല്‍ 13.2 ലക്ഷമാവും. 2030 ല്‍ ഇത് 15.2 ലക്ഷമായി വര്‍ദ്ധിച്ചേക്കും. കുറഞ്ഞകാലത്തേക്ക് കേരളത്തില്‍ കുടിയേറി ജോലി ചെയ്യുന്നവരുടെ എണ്ണം 2025 ല്‍ 34.4 ലക്ഷമായും, 2030 ല്‍ 44 ലക്ഷമായും ഉയരും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ നിലവില്‍ പണിയെടുക്കുന്നത് നിര്‍മ്മാണ മേഖലയിലാണ്. 17.5 ലക്ഷം പേരാണ് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. ഉത്പാദന മേഖലയില്‍ 6.3 ലക്ഷം, കാര്‍ഷിക അനുബന്ധ മേഖലയില്‍ 3 ലക്ഷം, ഹോട്ടല്‍ ഭക്ഷണശാല മേഖലയില്‍ 1.7 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.