കേരളത്തെ തകര്‍ത്തുകളയാമെന്ന് കരുതുന്നവര്‍ക്കൊപ്പം കൈയടിക്കാന്‍ പ്രതിപക്ഷം നില്‍ക്കരുത്; 'ജീവാനന്ദം' വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി ബാലഗോപാല്‍

കേരളത്തെ തകര്‍ത്തുകളയാമെന്ന് കരുതുന്നവര്‍ക്കൊപ്പം കൈയടിക്കാന്‍ പ്രതിപക്ഷം നില്‍ക്കരുതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച് പ്രതിപക്ഷവും ഏതാനും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ജീവനക്കാര്‍ നിര്‍ബന്ധമായി ചേരേണ്ട ഇന്‍ഷുറന്‍സ് പദ്ധതിയല്ല ജീവാനന്ദം.

ജീവാനന്ദം സംബന്ധിച്ച് പഠിക്കുവാനായി ഒരു ആക്ച്വറിയെ ചുമതലപ്പെടുത്തിയിട്ടേയുള്ളൂ. ജീവാനന്ദം പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്ന സമയത്ത് തന്നെ എന്തിനാണ് ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് എന്നറിയില്ല.

പൊതുതാത്പര്യമല്ലാതെ മറ്റൊരു താല്പര്യവും ഇക്കാര്യത്തില്‍ സര്‍ക്കാരിനില്ല. നിലവിലുള്ള ഒരു പദ്ധതിയുമായും ഇതിന് ബന്ധമില്ല. ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമായാണ് പദ്ധതി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഏതുകാലത്തും സംരക്ഷിക്കുന്ന സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് അദേഹം പറഞ്ഞു.