പി.വി അന്‍വര്‍ എംഎൽഎ വീണ്ടും വിവാദത്തിൽ; പാർക്ക് നിർമിച്ചിരിക്കുന്നത് പാറയ്ക്കു മുകളിൽ വെള്ളം കെട്ടി നിർത്തി

പി.വി.അന്‍വര്‍ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് നിർമിച്ചിരിക്കുന്നത് പാറയ്ക്കു മുകളിൽ വെള്ളം കെട്ടി നിർത്തിയെന്ന് കലക്ടറുടെ റിപ്പോർട്ട്. പാർക്ക് സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ദുര്‍ബലപ്രദേശത്തെന്നും കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.

ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പട്ടികയില്‍ അപകടസാധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കക്കാടംപൊയിലെന്നും വ്യക്തമാക്കുന്നുണ്ട്. ഈ പ്രദേശത്താണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ചിരിക്കുന്നത്. ഇത് വന്‍ അപകടസാധ്യതയാണ് ഉയര്‍ത്തുന്നത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം ഓരോദിവസവും ആശങ്കയ്ക്കിടയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

നിയമലംഘനങ്ങള്‍ പുറത്തുവരുന്നത് വരെ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് പകല്‍സമയങ്ങളില്‍ ആളുകളെ കയറ്റാനുള്ള താല്‍ക്കാലിക അനുമതിയുടെ മറവിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമലംഘനങ്ങള്‍ക്കെതിരെ വിവിധ ഭാഗത്തു നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബര്‍ അവസാനം പാര്‍ക്കിന് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് അനുവദിച്ചത്.

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന കൂടരഞ്ഞി പഞ്ചായത്തിന്റെ അവകാശവാദവും തെറ്റാണെന് തെളിഞ്ഞിട്ടുണ്ട്.