പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയും; സജി ചെറിയാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

പ്രധാനമന്ത്രിയുടെ ക്രിസ്തുമസില്‍ ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയും. വിഷയത്തില്‍ കേരള കോണ്‍ഗ്രസ് എം മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ഇടത് മുന്നണി അഭിപ്രായം പറയുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.

ആലപ്പുഴയില്‍ പുന്നപ്ര നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ ആര്‍ മുരളീധരന്‍ നായര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തിയിരുന്നു.
സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയുന്നില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവനും പറഞ്ഞു. അതേ സമയം സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രവും രംഗത്തെത്തിയിട്ടുണ്ട്.

Read more

ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയാന്‍ മടിയില്ലാത്ത മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയും ഇതിന് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.